വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്നു മറക്കരുത്: ഹൈക്കോടതി
Friday, February 3, 2023 4:11 AM IST
കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്നതു മറക്കരുതെന്നും അവര്‍ക്കുള്ള പെന്ഷന് ആനുകൂല്യം വിതരണം ചെയ്യാന്‍ രണ്ടുവര്‍ഷം സമയം നല്‍കാനാകില്ലെന്നും ഹൈക്കോടതി. വിരമിച്ചവരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ നാലു മാസത്തിനകം നല്‍കണമെന്ന ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇതു വാക്കാല്‍ പറഞ്ഞത്.
പ്രതിമാസം കൃത്യമായ ഒരു തുക പെന്‍ഷനു വേണ്ടി മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് കുടിശികയുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ നല്കാന് പരമാവധി ആറുമാസം വരെ അനുവദിക്കാമെന്നും പറഞ്ഞു. ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള പട്ടികയും ഇതിനു ഫണ്ട് കണ്ടെത്തുന്നതിനുള്ള വിവരങ്ങളും ഉള്‍പ്പെടെ വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനായി കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജികള്‍ പിന്നീടു പരിഗണിക്കാന്‍ മാറ്റി.
കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ആനുകൂല്യങ്ങള്‍ നാലുമാസത്തിനകം കൊടുത്തു തീര്‍ക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. പെന്ഷന് ആനുകൂല്യങ്ങള്‍ സീനിയോറിറ്റിയും അടിയന്തരസാഹചര്യവും കണക്കിലെടുത്ത് വിതരണം ചെയ്യുന്ന ഒരു പദ്ധതി തയാറാക്കി കെഎസ്ആര്‍ടിസി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളിയിരുന്നു.