വഞ്ചനക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ
Saturday, February 4, 2023 11:35 PM IST
അടിമാലി: നടൻ ബാബുരാജ് അറസ്റ്റിൽ. വഞ്ചനക്കുറ്റത്തിന് അടിമാലി പോലീസാണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്. റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്നാണ് പരാതി.
ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിനു സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കന്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്കു പാട്ടത്തിനു നൽകിയതു സംബന്ധിച്ചാണ് കേസ്.
ബാബുരാജിന്റെ വ്യാജപട്ടയമുള്ള സ്ഥലത്തു പണിത റിസോർട്ട് റവന്യൂ വകുപ്പിന്റെ കുടിയൊഴിപ്പിക്കൽ നടപടി നിലനിൽക്കെ അതു മറച്ചുവച്ചു റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.