ഹെൽത്ത് കാർഡ് വിതരണം കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റി: പ്രതിപക്ഷം
Tuesday, February 7, 2023 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് വിതരണം കൈക്കൂലി വാങ്ങാനുള്ള സംവിധാനമായി മാറ്റിയെന്നു പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്നു നടത്തിയ വോക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇത്തരത്തിൽ പ്രതികരിച്ചത്.
സംസ്ഥാനത്ത് തുടർച്ചയായുള്ള ഭക്ഷ്യവിഷബാധയും അതേത്തുടർന്നുള്ള മരണങ്ങളും ജനങ്ങൾക്കിടയിൽ കടുത്ത ഭീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മുൻ കാലങ്ങളിൽ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നതിന്റെ നേർ പകുതിയാളുകൾ മാത്രമാണ് ഇപ്പോൾ ഹോട്ടലുകളിലെത്തുന്നത്.
ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിവിധ ഘട്ടങ്ങളിലെ പരിശോധനകൾ നടത്തി ഹോട്ടൽ ജീവനക്കാർക്കു ഹെൽത്ത് കാർഡ് വിതരണം ചെയ്യുമെന്നു ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു പരിശോധനയും നടത്താതെയാണ് 300 രൂപ കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്ന അവസ്ഥയുണ്ടായത്.
എവിടെനിന്ന് കിട്ടിയാലും കൈയിട്ട് വാരുന്ന അവസ്ഥയാണ് ആരോഗ്യവകുപ്പിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകനെ പതിനഞ്ചു മിനിട്ടോളം ക്രൂരമായി ആറു പേർ ചേർന്ന് മർദിക്കുന്ന കാഴ്ച കണ്ടാൽ ചങ്ക് പൊട്ടിപ്പോകും. ഇതൊക്കെയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
ഹെൽത്ത് കാർഡ് പദ്ധതി അട്ടിമറിക്കാനാണ് 300 രൂപ കൈക്കൂലി വാങ്ങികൊണ്ട് ഒരു പരിശോധനയുമില്ലാതെ കാർഡ് നൽകിയതെന്നും അത് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പദ്ധതി കർശനമായി നടപ്പാക്കുമെന്നും അനൂപ് ജേക്കബിന്റെ അടിയന്തിരപ്രമേയ അവതരണാനുമതിനോട്ടീസിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയവരുടെ തുടർ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ലെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. അതിന് കാരണം 300 രൂപ വാങ്ങികൊണ്ട് ഹെൽത്ത് കാർഡ് എഴുതികൊടുക്കുന്നതാണ്.
രണ്ടുദിവസംവരെ നീളുന്ന വിശദമായ പരിശോധനകൾ നടത്തിയശേഷം നൽകേണ്ട കാർഡാണ് അഞ്ചുമിനിറ്റുകൊണ്ട് എഴുതികൊടുക്കുന്നതെന്നും അനൂപ് കൂട്ടിച്ചേർത്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്ന്ന് പ്രതിപക്ഷം നിയമസഭയിൽനിന്നും ഇറങ്ങിപ്പോയി.