കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസ്: സൗജന്യ നിയമ സഹായവുമായി കോൺഗ്രസ്
Thursday, February 9, 2023 12:17 AM IST
കണ്ണൂർ: യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ് മുറിയിൽ വച്ച് കൊലപ്പെടുത്തുകയും ഒപ്പം 16 കുട്ടികളുടെ ഭാവി തകർക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
അന്വേഷണത്തിന് സിബിഐ തയാറായില്ലെങ്കിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബമോ, സംഭവം കണ്ട് ദുരിതത്തിലായ കുട്ടികളുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ കോൺഗ്രസ് പാർട്ടി നിയമ പോരാട്ടം നടത്തി സത്യം പുറത്തുകൊണ്ടുവരാൻ ആവശ്യമായ സൗജന്യ നിയമസഹായം ചെയ്തുകൊടുക്കുമെന്ന് ഡിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജീവനു ഭീഷണിയാണു പരാതി നൽകുന്നതിനു തടസമെങ്കിൽ കോടതി വഴി പരാതികാർക്കു സുരക്ഷ ഒരുക്കുന്നതിനും ശ്രമിക്കും. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം സിബിഐ അന്വേഷിക്കണമെന്ന കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ബിജെപി-സിപിഎം അന്തർധാരയുടെ ഫലമായാണു കേസ് സിബിഐക്കു വിടാത്തത്. കേസ് സിബിഐക്ക് വിടണമെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ ആവശ്യം ആത്മാർഥതയില്ലാത്തതാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യുപി സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെയാണ് കെ.ടി. ജയകൃഷ്ണൻ വധിക്കപ്പെടുന്നത്. വിദ്യാർഥികളുടെ മുന്നിലിട്ടാണ് അക്രമിസംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നാണു ബിജെ പി ജില്ലാ പ്രസിഡന്റ് പത്രസമ്മേളനത്തിൽ പറഞ്ഞത്.
ബിജെപി നേതാവിന്റെ പ്രസ്താവനയിൽ വല്ല ആത്മാർഥതയും ഉണ്ടെങ്കിൽ മോദി സർക്കാർ യുഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ മാസ്റ്റർ കൊലപാതക ഗൂഢാലോചന തുടരന്വേഷിക്കുവാൻ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.