കണ്ണീർപ്പൂക്കൾ സാക്ഷി; അവർ ഇനി ഹൃദയങ്ങളിലെ ‘ജ്യോതിസ് ’
Saturday, March 4, 2023 12:25 AM IST
സിജോ പൈനാടത്ത്
മഞ്ഞപ്ര (കൊച്ചി): തലേന്നുവരെ കളിചിരികളും സൗഹൃദങ്ങളും അറിവുകളും ആഹ്ലാദങ്ങളും പങ്കുവച്ച വിദ്യാലയമുറ്റത്ത് ചേതനയറ്റ ശരീരവുമായി അവർ...! ജോയൽ ജോബി, അർജുൻ ഷിബു, റിച്ചാർഡ് ബ്രെസി....!!
ജ്യോതിസ് സ്കൂളിന്റെ മൂന്നാം നിലയിലുള്ള ഒന്പതാം ക്ലാസിലെ ബെഞ്ചുകളിലൊന്നിൽ അച്ചടക്കത്തോടെ അടുത്തടുത്തിരുന്നവരാണു മൂവരും. നിനയ്ക്കാത്ത നേരത്ത് ഒരുമിച്ചു വിടപറഞ്ഞകന്നവരുടെ മൃതദേഹങ്ങളും അവരുടെ പുഞ്ചിരിതൂകുന്ന ചിത്രങ്ങൾക്കു താഴെ ക്രമത്തിൽ അടുത്തടുത്തു തന്നെയാണു വച്ചതും. അകന്പടിയായി വെളുത്ത റോസാപ്പൂക്കൾ... ചുറ്റുമുയർന്ന പ്രാർഥനകൾക്കൊപ്പം കണ്ണീർപ്പൂക്കളുമായി സഹപാഠികളും അധ്യാപകരും മഞ്ഞപ്ര ഗ്രാമമാകെയും..!!
പ്രിയപ്പെട്ട കൂട്ടുകാരെ അവസാനമായി ഒരുനോക്കു കാണാനെത്തിയ സഹപാഠികൾക്കും അധ്യാപകർക്കും കണ്ണുനീർ നിയന്ത്രിക്കാനായില്ല. യൂണിഫോമണിഞ്ഞു കൊച്ചുപൂക്കളുമായി സ്കൂൾ മുറ്റത്ത് വിദ്യാർഥികൾ പ്രിയ കൂട്ടുകാർക്കു അന്ത്യാഞ്ജലിയർപ്പിക്കുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. അകാലത്തിൽ അസ്തമിച്ച കൊച്ചുകൂട്ടുകാർക്ക് ഹൃദയം നുറുങ്ങുന്ന വേദനയോടെ വിദ്യാലയവും യാത്രാമൊഴിയേകി.
ഇടുക്കി മാങ്കുളം ആനക്കൂട്ടം വല്യപാറക്കുറിടിയിൽ പുഴയിൽ മുങ്ങിമരിച്ച അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ മൂന്നു വിദ്യാർഥികളുടെ മൃതദേഹങ്ങൾ, സ്കൂൾ മുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ വൻ ജനാവലിയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. മാണിക്കമംഗലം മടുക്കാങ്കൽ ഷിബുവിന്റെ മകൻ അർജുൻ (14), അയ്യന്പുഴ കോളാട്ടുകുടി ജോബിയുടെ മകൻ ജോയൽ (14), തുറവൂർ കൂരൻ ബ്രെസി ചെറിയാന്റെ മകൻ റിച്ചാർഡ് (14) എന്നിവരാണു മരിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് ഇന്നലെ രാവിലെ 8.30നാണ് മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ സ്കൂളിലെത്തിച്ചത്. അതിനുമുന്പു തന്നെ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ സ്കൂൾ മുറ്റത്തും സമീപത്തെ റോഡുകളിലുമായി തടിച്ചുകൂടിയിരുന്നു.
സ്കൂൾ മുറ്റത്തൊരുക്കിയ പന്തലിൽ പൂക്കളാൽ അലംകൃതമായ മൂന്നു മേശകളിലായി വച്ച മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എത്തി. 10.30 നു മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ അതതു വീടുകളിലേക്ക്. വീടുകളിലും നിരവധി പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
ഉച്ചകഴിഞ്ഞു രണ്ടിന് അർജുന്റെ സംസ്കാരം കാലടി എൻഎസ്എസ് കരയോഗം ശ്മശാനത്തിൽ നടത്തി. അയ്യന്പുഴ സെന്റ് മേരീസ് പള്ളിയിൽ മൂന്നിനായിരുന്നു ജോയലിന്റെ സംസ്കാരശുശ്രൂഷകൾ. നാലരയോടെ മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ റിച്ചാർഡിന്റെ സംസ്കാരവും നടത്തി.