പള്ളിമണി മുഴങ്ങി, വിലാപഗാനമുയര്ന്നു ദുഃഖസാഗരമായി നഗരികാണിക്കല്‍
Thursday, March 23, 2023 2:17 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരിയുടെ വലിയ ഇടയൻ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഭൗതികശരീരവും സംവഹിച്ചുകൊണ്ടുളള നഗരികാണിക്കല്‍ സങ്കടക്കടലായി. വിടവാങ്ങുന്നേന്‍ പരിപാവനമാം ബലിവേദികയേ വിടവാങ്ങുന്നേന്‍... വത്സല സുതരേ, ഇടവക ജനമേ യാത്രയിതാ ഞാന്‍ ചോദിക്കുന്നു... ഈ വിലാപഗാനം മുഴങ്ങിയപ്പോള്‍ പലരും കണ്ണീരണിഞ്ഞു.
18 ഫൊറോനകളില്‍നിന്ന് ഒഴുകിയെത്തിയ അതിരൂപതാംഗങ്ങള്ക്കൊപ്പം കേരളക്കരയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ജാതിമതഭേദമന്യേയുള്ള പതിനായിരങ്ങളാണു പവ്വത്തില്‍ പിതാവിന്റെ അന്ത്യയാത്രാ ശുശ്രൂഷയില്‍ പങ്കുചേർന്നത്.
ശുശ്രൂഷയുടെ നാലാം ഭാഗത്തു പിതാവിന്റെ സെക്രട്ടറിമാരായിരുന്ന വൈദികര്‍ ഭൗതികശരീരം ഏറ്റുവാങ്ങി മെത്രാപ്പോലീത്തന്‍ ദൈവാലയത്തിന്റെ ഇടതു വലതു വാതിലുകളിലും പ്രധാന കവാടങ്ങളിലെത്തിച്ചു വിടവാങ്ങല്‍ നടത്തി. തുടര്‍ന്നു പള്ളിയുടെ പ്രധാന കവാടത്തിലൂടെ ഇറങ്ങി ദൈവാലയം ചുറ്റി നഗരികാണിക്കല്‍.
നൂറുകണക്കിനു വൈദികര്‍ പ്രാര്‍ഥനയോടെ മുന്‍നിരയിലും അതിനു പിന്നിലായി തിരുവസ്ത്രങ്ങളിണഞ്ഞു ബിഷപ്പുമാരും അണിനിരന്നു. കബറിട പള്ളിയുടെ മുന്‍വശത്തു പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ഭൗതികശരീരം പ്രതിഷ്ഠിച്ചു സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി.
വിവിധ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ സ്വർണക്കുരിശുകളും മുത്തുക്കുടകളുമേന്തി ആദരവ് അര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഭൗതികശരീരത്തെ അനുധാവനം ചെയ്തു.