ആദ്യം നീട്ടുന്ന കരത്തിൽ കർഷകർ പിടിക്കും: മാർ പാംപ്ലാനി
Thursday, March 23, 2023 2:17 AM IST
കോട്ടയം: മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കുമെന്ന് തലശേരി ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനി. അത്രമേൽ ഗതികേടിലാണ് കർഷകരെന്നും അദ്ദേഹം ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചനു നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
മുങ്ങിത്താഴുന്നവർക്ക് ആദ്യം കൈകൊടുക്കുന്നത് ആരാണോ അവരുടെ കൈയിൽ കർഷകർ പിടിക്കും. ഇപ്പോൾ ആരു കൈനീട്ടി അവരെ സംരക്ഷിക്കുന്നോ അവർക്കൊപ്പം കർഷകർ നിൽക്കും. അത് സഭ പറഞ്ഞിട്ടോ രാഷ്ട്രീയം നോക്കിയോ അല്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ഞങ്ങൾ ഇടതുമുന്നണിയെ എതിരായാണ് കാണുന്നതെന്ന് അവരാണു പറയുന്നത്. ഞങ്ങളുടെ വിദൂര ചിന്തകളിൽപ്പോലും ഇല്ലാത്ത കാര്യമാണത്. അവരിങ്ങനെ നിലവിളിക്കുന്നത് അവരുടെ കുറ്റബോധംകൊണ്ടുകൂടിയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളിതുവരെ കർഷകരെ അവഗണിച്ചതിന്റെ കുറ്റബോധം- മാർ പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം സമീക്ഷ പേജിൽ.