ജനവാസമേഖലയിലെ കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കണം: കോടതി
Friday, March 24, 2023 2:03 AM IST
കൊച്ചി: ജനവാസമേഖലയിലെ പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നത് ഒഴിവാക്കാനും വിഷജന്തുക്കളുടെ ഉപദ്രവം ഒഴിവാക്കാനും തദ്ദേശ ഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് രണ്ടു മാസത്തിനകം നിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വീടിനു സമീപത്തെ കാടുപിടിച്ച പറമ്പില്‍നിന്ന് പാമ്പുകടിയേറ്റ് മാള കുണ്ടൂര്‍ സ്വദേശിയായ മൂന്നു വയസുകാരി അര്‍വിന്‍ മരിച്ചിട്ട് രണ്ടു വര്‍ഷം തികഞ്ഞ ദിവസമാണ് കോടതിയുടെ ഉത്തരവ്. അര്‍വിന്റെ മാതാപിതാക്കളായ ലയ, ബിനോയ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉത്തരവ് നല്‍കിയത്.
അര്‍വിന്‍ 2021 മാര്‍ച്ച് 24നാണ് പാമ്പുകടിയേറ്റു മരിച്ചത്. ഇവരുടെ വീടിന് തൊട്ടടുത്തുള്ള 75 സെന്റ് വരുന്ന പറമ്പ് വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. ഇതു വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഭൂവുടമകളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അര്‍വിന്റെ മരണത്തെത്തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാടു വെട്ടിത്തെളിക്കാന്‍ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകള്‍ക്ക് നോട്ടീസ് നല്കി. എന്നാല്‍ ഇതിലും നടപടിയുണ്ടായില്ല.
പിന്നീട് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയെങ്കിലും ഭൂവുടമകള്‍ ഹാജരായില്ല. തുടര്‍ന്ന് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറമ്പ് വൃത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. പറമ്പിലെ കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കാന്‍ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കാനും ഇതില്‍ ഭൂവുടമകള്‍ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഭൂവുടമകള്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറി അധികാരമുപയോഗിച്ച് പറമ്പു വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിന്റെ ചിലവ് ഭൂവുടമകളില്‍നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തുടര്‍ന്നാണ് സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഡി. ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.