കെട്ടിടനിർമാണ ഫീസും വർധിപ്പിക്കുന്നു
Friday, March 24, 2023 2:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ കെട്ടിടനിർമാണ ഫീസും വർധിപ്പിക്കുന്നു. എത്ര വർധനയുണ്ടാകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറവാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഫീസ് വർധിപ്പിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
നിലവിൽ 150 മീറ്റർ സ്ക്വയർ മുതൽ ബഹുനിലക്കെട്ടിടങ്ങൾക്കുവരെ അഞ്ചുമുതൽ 15 രൂപവരെയാണ് ഫീസ്. 1500 ചതുരശ്രയടി വീടിന്റെ പെർമിറ്റ് ഫീസ് മാത്രം 7500 രൂപയെങ്കിലും നൽകേണ്ടിവരും. ഇത് അപേക്ഷാ ഫീസിനും പ്രളയസെസിനും ജിഎസ്ടിക്കും പുറമെയാണ്.
കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിർമാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കുന്ന "വണ്ഡേപെർമിറ്റ് ’ സംവിധാനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുമതി നൽകും. കാലതാമസവും തടസങ്ങളും ഒഴിവാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷ നൽകുന്ന ദിവസം തന്നെ പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിട നിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയിൽ നൽകണം.
അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും ശരിയുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കൂ. യഥാർഥ വസ്തുതകൾ മറച്ചുവച്ചാണു പെർമിറ്റ് നേടിയതെന്നു തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എം-പാനൽഡ് ഏജൻസികളുടെ ലൈസൻസ് റദാക്കൽ എന്നീ നടപടികൾ ഉണ്ടാകും.
നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു.
645 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് നികുതി ഒഴിവാക്കി
തിരുവനന്തപുരം : സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 645 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് സർക്കാർ കെട്ടിട നികുതി ഒഴിവാക്കി.
നേരത്തേ ബിപിഎൽ വിഭാഗങ്ങളുടെ 323 ചതുരശ്ര അടി വരെയുള്ളവയ്ക്കു മാത്രമായിരുന്നു ഇളവ്. ഒരാൾക്ക് ഒരു വീടിനേ ഇളവു ലഭിക്കൂ. വില്ലകൾക്ക് ഇളവില്ല. ലൈഫ്, പുനർഗേഹം പദ്ധതികൾക്കു കീഴിലുള്ള ബഹുനിലക്കെട്ടിടങ്ങൾക്കും ഇളവ് ലഭിക്കും. 9എച്ച് ഫോമിൽ ഓണ്ലൈനായാണ് ഇളവിന് അപേക്ഷിക്കേണ്ടത്.