ഭിന്നശേഷി നിയമനം; ആശയക്കുഴപ്പമുള്ളവർക്ക് പരാതി സമർപ്പിക്കാൻ അവസരം
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവു നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്കു വ്യക്തതയ്ക്കായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാൻ അവസരമുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുറത്തിറക്കിയ മാർഗ നിർദേശങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. മാർഗനിർദേശങ്ങളിൽ ആശയക്കുഴപ്പം ഉള്ളവർ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നേരിട്ട് പരാതി നല്കാം.
വ്യക്തിപരമായോ അതത് സ്കൂൾ മുഖാന്തിരമോ പരാതി നൽകാം. ഏപ്രിൽ ഒന്നിനുശേഷം ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും സ്വീകരിക്കില്ലെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.മാർഗ നിർദേശം അനുസരിച്ചുള്ള നടപടികൾ അടുത്ത അധ്യയനവർഷം കൈക്കൊള്ളും. ആർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് പരിഹരിച്ചശേഷം പുതിയ സർക്കുലർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.