നോമ്പു തുറക്കാൻ സൈറണ്‍: ഹര്‍ജി ഇന്നു പരിഗണിക്കും
Friday, March 31, 2023 1:23 AM IST
കൊച്ചി: ചങ്ങനാശേരി നഗരസഭയുടെ സൈറണ്‍ നോമ്പു തുറക്കുന്ന സമയം അറിയിക്കാന്‍ ദിവസവും വൈകുന്നേരം 6.30ന് മുഴക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിനെതിരേ ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി.
സമാന ആവശ്യമുന്നയിച്ചു സമര്‍പ്പിച്ച മറ്റു രണ്ട് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനാണു ജസ്റ്റീസ് അനു ശിവരാമന് ഹര്‍ജി മാറ്റിയത്. കഴിഞ്ഞ 23 മുതല്‍ ഏപ്രില്‍ 21 വരെ നോമ്പുതുറക്കുന്ന സമയം അറിയിക്കാന്‍ വൈകുന്നേരം 6.30ന് സൈറണ്‍ മുഴക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ചങ്ങനാശേരി പുത്തൂര്‍ പള്ളി മുസ്ലിം ജമാ അത്ത് അധികൃതര്‍ നഗരസഭാ സെക്രട്ടറിക്കു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് സെക്രട്ടറി ഉത്തരവ് നല്‍കിയത്.
നഗരസഭയിലെ ഒരു കണ്ടിജന്റ് ജീവനക്കാരനെ ഇതിനായി നിയോഗിക്കുകയും ചെയ്തെന്നു ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് തദ്ദേശഭരണ വകുപ്പിനും ചങ്ങനാശേരി നഗരസഭയ്ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.