നിയമസഭാ ജീവനക്കാർക്ക് ഓവർടൈം അലവൻസ് 50.77 ലക്ഷം
Monday, May 29, 2023 1:25 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷനുകളും സർക്കാർ ജീവനക്കാരുടെ ഡിഎയും കുടിശികയായിരിക്കേ നിയമസഭാ ജീവനക്കാർക്ക് ഓവർടൈം അലവൻസായി 50.77 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവ്.
നിയമസഭയിലെയും എംഎൽഎ ഹോസ്റ്റലിലെയും ജീവനക്കാർക്ക് ശന്പളത്തിനു പുറമേയാണ് ഓവർടൈം അലവൻസായി വൻതുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. നിയമസഭാ സമ്മേളനകാലത്ത് അധികജോലി ചെയ്തതുമായി ബന്ധപ്പെട്ടാണ് ജീവനക്കാർക്ക് അരക്കോടിയിലധികം രൂപ അനുവദിച്ചത്.
കിടപ്പുരോഗികൾ അടക്കമുള്ളവർക്കു നൽകേണ്ട പെൻഷൻ അടക്കം കുടിശികയാണ്. സാന്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഞ്ചു ഗഡുക്കളിലായി 15 ശതമാനം ഡിഎ കുടിശികയാണ്.