നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹർജി നിലനിൽക്കില്ലെന്നു സർക്കാർ
Tuesday, May 30, 2023 1:43 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളികേസിൽ തുടരന്വേഷണം വേണമെന്ന സി.പി.ഐ വനിതാ നേതാക്കളും മുൻ എംഎൽഎമാരുമായ ഇ. എസ്. ബിജിമോളും ഗീത ഗോപിയും നൽകിയ ഹർജി നിലനിൽക്കില്ലെന്നു സർക്കാർ. തുടരന്വേഷണത്തെ എതിർത്തു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവിന്റെ വാദത്തെ എതിർത്താണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
നിയമപരമായി നിലനിൽക്കാത്ത ഹർജിയിൽ കക്ഷി ചേരണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് ടി.യു. രാധാകൃഷ്ണൻ എത്തിയത് എന്നായിരുന്നു സർക്കാർ അഭിഭാഷകനായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് കെ. ബാലചന്ദ്രമേനോൻ വാദിച്ചത്. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് ഹർജി പരിഗണിച്ചത്.
മുന്‍പ് ഒരു ബിജെപി നേതാവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ലെന്നും ഡിഡിപി കോടതിയെ അറിയിച്ചു. തങ്ങൾ കക്ഷി ചേരാൻ വന്നതോടെ കേസ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമാണ് പാളിയതെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകൻ എം.ജെ. ദീപക് കോടതിയെ അറിയിച്ചു.
തുടരന്വേഷണം അനുവദിച്ചാൽ കേസിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കാലാവധി തികയുന്നതു വരെ കോടതി വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് കേട്ടു കേൾവി ഇല്ലാത്ത ആവശ്യവുമായി ഇടതു നേതാക്കൾ കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ മുൻ വനിത എംഎൽ എമാർ നീതിക്കായാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ മുൻ ജില്ലാ ഗവണ്മെന്റ് പ്ലീഡർ വെന്പായം എ.എ. ഹക്കീം വാദിച്ചു.
കേസുമായി ഒരു ബന്ധവുമില്ലാത്ത കോണ്‍ഗ്രസ് നേതാവിന്റെ രംഗപ്രവേശത്തെ അഭിഭാഷകൻ ശക്തിയായി എതിർത്തു. വാദഗതികളെ അവഗണിച്ച കോടതി തുടരന്വേഷണത്തിൽ ആക്ഷേപം ഉള്ള ഏതൊരു വ്യക്തിയും ജൂണ്‍ 12 നകം അവർക്കുള്ള ആക്ഷേപം രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ചു.
2015 മാർച്ച് 13 നാണ് അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇടത് എംഎൽഎമാർ നടത്തിയ പ്രതിഷേധം കൈയാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. പ്രതികളായ എംഎൽഎമാർ ചേർന്ന് 2,20,093 രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാണു കേസ്.