സ്ഥിരം നിയമനമില്ല : അൺ ഇക്കണോമിക് സ്കൂളിൽ ഹെഡ്മാസ്റ്റർ തസ്തികയ്ക്കും ആളില്ല
Wednesday, May 31, 2023 1:29 AM IST
ബിജു കുര്യൻ
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് അവകാശപ്പെടുന്പോഴും വർഷങ്ങൾക്കു മുന്പേ അൺ ഇക്കണോമിക് മുദ്ര ചാർത്തിയ വിദ്യാലയങ്ങളിൽ താത്കാലികമായി പ്രഥമാധ്യാപകനെപ്പോലും നിയമിക്കാനാകാതെ പ്രതിസന്ധിയിലേക്ക്.
സംസ്ഥാനത്ത് കാൽനൂറ്റാണ്ടായി സ്കൂളുകളെ ആദായകരമെന്നും അനാദായകരമെന്നും വേർതിരിവുണ്ട്. ഒരു ക്ലാസിൽ 25 കുട്ടികളെങ്കിലും ഇല്ലെങ്കിൽ ആ സ്കൂൾ അൺ ഇക്കണോമിക് വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. പിന്നീട് ഇത് 15 കുട്ടികളിലെത്തി. നാല് ക്ലാസുകൾ ഉള്ള ഒരു സ്കൂളിൽ കുറഞ്ഞത് 60 കുട്ടികൾ ഉണ്ടെങ്കിലേ ആദായകരം (ഇക്കണോമിക്) വിഭാഗത്തിൽപെടുത്തുകയുള്ളൂ.
വർഷങ്ങളായി അൺ ഇക്കണോമിക് വിഭാഗത്തിൽ തുടരുന്ന സ്കൂളുകളുടെ ഭാവിയാണ് ഇപ്പോൾ ഇരുളടയുന്നത്. ആദ്യം അൺ ഇക്കണോമിക് പട്ടികയിലുണ്ടായിരുന്ന ചില സ്കൂളുകളിൽ കുട്ടികൾ വർധിച്ചതോടെ ആദായകര പട്ടികയിലേക്കു മാറി. ജനനനിരക്കിൽ ഉണ്ടായ കുറവ് ഓരോ വർഷവും പുതുതായി സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ പ്രകടമാണ്. അൺഎയ്ഡഡ് സ്കൂളുകളുടെ ആധിക്യവും അനാദായ പട്ടികയിലേക്ക് കൂടുതൽ പൊതുവിദ്യാലയങ്ങളെ എത്തിച്ചു. പ്രൈമറി വിഭാഗത്തിലാണ് ഇത്തരം സ്കൂളുകൾ ഏറെയുള്ളത്.
അൺ ഇക്കണോമിക് വിഭാഗത്തിൽ സംസ്ഥാനത്തെ 149 സ്കൂളുകളിൽ കഴിഞ്ഞവർഷം പത്തിൽ താഴെ കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. കുട്ടികളും അധ്യാപകരും ഇല്ലാതായി ഇത്തരം സ്കൂളുകൾ പലയിടത്തും പൂട്ടപ്പെടുന്നുമുണ്ട്. ഇത്തവണയും ഈ ഗണത്തിൽ സ്കൂളുകളുണ്ടാകും.
അൺ ഇക്കണോമിക് സ്കൂളുകളിൽ സ്ഥിരം നിയമനം തടസപ്പെട്ടിട്ടു തന്നെ ഒരു പതിറ്റാണ്ടിലേറെയായി. ഇതിനു പിന്നാലെ സ്ഥലംമാറ്റങ്ങളും നിലച്ചു.
പ്രഥമാധ്യാപകർ വിരമിക്കുന്പോൾ മുന്പു നിയമിച്ചവരിൽ ആ ചുമതല നിർവഹിച്ചാണ് പലയിടത്തും പഠനം തുടർന്നുവന്നത്. സഹായികളായി താത്കാലിക അധ്യാപകരെ ഓരോ വർഷവും ലഭിച്ചിരുന്നു. സ്കൂളിലെ ഏക സ്ഥിരം തസ്തികയായ പ്രഥമാധ്യാപകനും വിരമിക്കുന്നതോടെ പകരം ആളെ നിയമിക്കാൻ യോഗ്യരായവർ ഇല്ലാത്ത മാനേജ്മെന്റുകളിലെ സ്കൂളുകളുടെ നിലനില്പാണ് ഇപ്പോൾ ഗുരുത ഭീഷണിയിലായത്.
വ്യക്തിഗത മാനേജ്മെന്റുകളാണ് ഈ പ്രതിസന്ധി ആദ്യം നേരിട്ടതെങ്കിൽ ഇപ്പോൾ കോർപറേറ്റ് മാനേജ്മെന്റുകളിലും സമാന സാഹചര്യം ഉണ്ടായിത്തുടങ്ങി. യോഗ്യതയുള്ള അധാപകരെ പ്രമോഷൻ നൽകി നിയമിക്കാനില്ലാത്തതിന്റെ പേരിൽ ചില മാനേജ്മെന്റുകൾ ഒന്നിലധികം സ്കൂളുകളുടെ ചുമതല ഒരു പ്രഥമാധ്യാപകനു നൽകിയിരിക്കുകയാണ്.