രണ്ടുമാസത്തെ ഇടവേള...ഒരേ ട്രെയിന്‍ കത്തിച്ചത് രണ്ടു തവണ, എലത്തൂര്‍ ബന്ധവും അന്വേഷിക്കും
Friday, June 2, 2023 1:07 AM IST
കോഴിക്കോട്: ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയായ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് രണ്ടു മാസമാകുമ്പോള്‍ വീണ്ടും അതേ ട്രെയിനിനു "തീപിടിപ്പിച്ചത്’കൃത്യമായ ആസൂത്രണമെന്നു സംശയം.
ഏപ്രില്‍ രണ്ടിനായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീയിട്ടത്. വീണ്ടും നാടിനെ ഞെട്ടിച്ച ട്രെയിന്‍ തീവയ്പ് സംഭവമാണു പുറത്തുവരുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ അന്വേഷണസംഘത്തിനും വെല്ലുവിളിയാകുകയാണ്. എലത്തൂരില്‍ രണ്ടു മാസം മുന്‍പു നടന്ന സംഭവം ഓടുന്ന ട്രെയിനിലായിരുന്നുവെങ്കില്‍ കണ്ണൂരില്‍ ഇതേ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണു തീവച്ചത്. ഭാഗ്യംകൊണ്ട് എലത്തൂരിലേതുപോലെ ജീവഹാനിയുണ്ടായില്ലെന്നു മാത്രം.
മൂന്നു പേര് മരിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഇപ്പോള്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. സംഭവം നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന്, ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന്, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സ്വയം പ്രേരിതനായി ഷാരൂഖ് തീവയ്ക്കുകയായിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തു.
സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ പുതിയ സംഭവമുണ്ടായ പശ്ചാത്തലത്തില്‍ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും എന്‍ഐഎയ്ക്ക് അന്വേഷിക്കേണ്ടിവരും. ഷാരൂഖിനു കേരളത്തില്‍നിന്നു സഹായം ലഭിച്ചുവെന്ന സംശയമുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.