ലോക കേരളസഭ: പണപ്പിരിവ് സമ്മേളന നടത്തിപ്പിനു മാത്രം
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: അമേരിക്കയിൽ ജൂണ്‍ എട്ടുമുതൽ നടക്കുന്ന ലോക കേരളസഭയുടെ പേരിൽ അമേരിക്കൻ മലയാളികളിൽ നിന്നു പണപ്പിരിവു നടത്തുന്നതു സമ്മേളന നടത്തിപ്പിനു മാത്രമുള്ള തുകയുടെ പേരിൽ. സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിയുടെയും പങ്കെടുക്കുന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രാ-താമസ-നിത്യനിദാന ചെലവുകൾ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണു വഹിക്കുന്നത്.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രച്ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. താമസസൗകര്യം ഇന്ത്യൻ എംബസിയാണ് ഒരുക്കുന്നത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നിത്യനിദാന ചെലവുകൾക്കായി യുഎസിൽ ഒരു ദിവസം ഒരാൾക്ക് 100 ഡോളർ (8200 രൂപ വീതം) സംസ്ഥാന ഖജനാവിൽനിന്നു നൽകും. ലോക കേരളസഭയുടെ നടത്തിപ്പു ചെലവുകൾക്കു മാത്രമാണ് അമേരിക്കൻ മലയാളി സംഘടനകൾ തുക പിരിക്കുന്നത്. ലോക കേരള സഭയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ സ്വന്തം ചെലവിലാണ് എത്തുന്നത്.
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ആറു കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ന്യൂയോർക്ക് ടൈ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനാണ് പ്രധാന ചെലവ്. ഇതിന് രണ്ടു കോടിയോളം രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പണപ്പിരിവു തുടരുമെന്നും ഇതിന് ഓഡിറ്റുണ്ടാകുമെന്നുമാണ് നോർക്ക പറയുന്നത്.
ലോകകേരള സഭയിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്നു പുറപ്പെടുമെന്നാണു സൂചന. ബുധനാഴ്ച ചേരേണ്ട പതിവു മന്ത്രിസഭായോഗം ചൊവ്വാഴ്ചയിലേക്കു മാറ്റിയിട്ടുണ്ട്.
ജൂണ്‍ എട്ടിന് ലോകകേരള സഭാ സമ്മേളനം ആരംഭിക്കുമെങ്കിലും 9, 10, 11 തീയതികളിലാണ് മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുന്നത്. ദുബായ് വഴിയാണു മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്കു പോകുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശനത്തിനായി തിരിക്കും.