ഇന്നു മുതൽ ട്രോളിംഗ് നിരോധനം
Thursday, June 8, 2023 2:42 AM IST
വൈപ്പിൻ: ഇന്ന് അർധരാത്രി മുതൽ 53 ദിവസത്തേക്ക് തീരത്ത് ട്രോളിംഗ് നിരോധനം. ഇതിനു മുന്നോടിയായി മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിവന്നിരുന്ന ട്രോളിംഗ് ബോട്ടുകൾ ഏതാണ്ട് പൂർണമായി തീരമണഞ്ഞു.
ഫിഷിംഗ് മോശമായതിനാൽ ഭൂരിഭാഗം ബോട്ടുകളും രണ്ടാഴ്ച മുന്പേ തന്നെ പണി നിർത്തി കരയ്ക്കടുത്തിരുന്നതിനാൽ കുറച്ച് ബോട്ടുകളേ കടലിൽ ശേഷിച്ചിരുന്നുള്ളൂ. ഇവയിൽ പലതും കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി തീരമണഞ്ഞിരുന്നു. ഇനി ഏതാനും വലിയ ബോട്ടുകളാണ് കരയ്ക്കടുക്കാനുള്ളത്. ഇവയെല്ലാം ഇന്ന് രാത്രിയോടെ ഹാർബറുകളിൽ തിരിച്ചെത്തും. ചെറുതും വലുതുമായ ആയിരത്തോളം ബോട്ടുകളാണ് മുനമ്പം മുരുക്കും പാടം മേഖല കേന്ദ്രീകരി ച്ച് മത്സ്യബന്ധനം നടത്തുന്നത്.
മത്സ്യലഭ്യത കുറഞ്ഞതിനാൽ എല്ലാവർഷവും സീസണിന്റെ അവസാനനാളുകളിൽ ലഭിക്കാറുള്ള കോള് ബോട്ടുകൾക്ക് ഇക്കുറി ലഭിച്ചില്ല. മാത്രമല്ല കടൽ ചെമ്മീൻ കയറ്റുമതി പ്രതിസന്ധി സൃഷ്ടിച്ചതോടെ ചെമ്മീന് വിലകുറഞ്ഞതും ബോട്ടുകാർക്ക് ഇക്കുറി തിരിച്ചടിയായി.