സോളാർ ഗൂഢാലോചന സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: കെപിസിസി
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നടന്ന സോളാർ ഗൂഢാലോചനയെക്കുറിച്ച് സിബിഐ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നു കെപിസിസി. ഇന്നലെ ചേർന്ന കെപിസിസി യോഗമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി ഉമ്മൻ ചാണ്ടിയെ 10 വർഷം വേട്ടയാടിയതിൽ കുറ്റസമ്മതോ മാപ്പോ പറയാൻ സിപിഎം തയാറായില്ല എന്നത് ഏറെ വേദനാജനകമാണ്. സോളാർ ആരോപണങ്ങളുടെ പ്രഭവകേന്ദ്രമായ ഗണേഷ്കുമാറിനെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രിക്ക് പറയാൻ ഉണ്ടായിരുന്നില്ല. സിപിഎം ഇപ്പോഴും ഗണേഷ്കുമാറിനെ സംരക്ഷിക്കുകയാണെന്നും കെപിസിസി കുറ്റപ്പെടുത്തി.
സോളാർ വിവാദത്തിൽ സിപിഎമ്മിന്റെ പങ്ക് സിബിഐ റിപ്പോർട്ടിൽ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബദ്ധശത്രുവായിരുന്ന ദല്ലാൾ നന്ദകുമാർ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി മാറിയതും പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് ഉമ്മൻ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണത്തിനു വഴിയൊരുക്കിയതും കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയപ്രവർത്തനമാണ്.
മകൾക്കെതിരേയുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കു വായ് തുറക്കാൻ മാസങ്ങളെടുത്തതുതന്നെ ഈ വിഷയത്തിൽ അങ്ങേയറ്റം പ്രതിരോധത്തിലായതുകൊണ്ടാണ്. കരിമണൽ കന്പനിക്ക് മകളുടെ കന്പനി എന്തു സേവനമാണു നല്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സിപിഎമ്മിന്റെ കൂട്ടുകച്ചവടം
എ.സി. മൊയ്തീനെ സിപിഎം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം പുറത്തുവരുമെന്നു ഭയന്നാണ്. മുൻ ആലത്തൂർ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിന്റെ പങ്കും ദുരൂഹമാണ്. സിപിഎം ബിനാമി പാർട്ടിയും മുഖ്യമന്ത്രിയുടെ കുടുംബം കമ്മീഷൻ ഫാമിലിയുമാണെന്നും കെപിസിസി യോഗം പരിഹസിച്ചു. സർക്കാർ പണം വിനിയോഗിച്ച് ഡൽഹിയിൽ പ്രത്യേകമായി രണ്ടു പേരെ നിയോഗിച്ചത് ബിജെപിയുമായി പാലമുണ്ടാക്കാനാണെന്നും കെപിസിസി കുറ്റപ്പെടുത്തി.
കോണ്ഗ്രസ് മണ്ഡലം പുനഃസംഘടന: പട്ടിക 20നുള്ളിൽ കൈമാറണം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോണ്ഗ്രസിന്റെ മണ്ഡലം പുന:സംഘടന ഈ മാസം 20 നുള്ളിൽ പൂർത്തിയാക്കി പട്ടിക കെപിസിസിക്ക് കൈമാറണമെന്നു തീരുമാനം. ഇന്നലെ നടന്ന കെപിസിസി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശം ജില്ലാ കോണ്ഗ്രസ് കമ്മിറ്റികൾക്ക് നല്കിയത്.
കഴിഞ്ഞ മാസം മണ്ഡലം പുനഃസംഘടന പൂർത്തിയാക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. അതനുസരിച്ച് പത്തനംതിട്ടയിൽ മാത്രമാണ് മണ്ഡലം പുന:സംഘടന പൂർത്തിയായത്. പാലക്കാട് ജില്ലയിലെ മണ്ഡലം പുനഃസംഘടിപ്പിച്ച് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽനിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവരുടെ പരാതിയെ തുടർന്ന് ആ പട്ടിക മരവിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി മണ്ഡലം പുന:സംഘടന പൂർത്തിയാക്കണമെന്ന വികാരമാണു യോഗത്തിൽ പങ്കെടുത്ത എല്ലാവരും സ്വീകരിച്ചത്. മിക്ക ജില്ലകളും ലിസ്റ്റ് ഏകദേശം തയാറാക്കിയതായും ചുരുക്കം ചില മണ്ഡലങ്ങളിൽ മാത്രമാണ് തർക്കമുള്ളതെന്നുമാണ് സൂചന. മണ്ഡലം പുനഃസംഘടനയോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പുനഃസംഘടന പൂർത്തിയാക്കാനും നിർദേശം നല്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് വേഗത്തിൽ സജ്ജമാകാനും ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മണ്ഡലതല പ്രചാരണങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പുതുപ്പള്ളിയിൽ കോണ്ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവർത്തിച്ചതായും ഇതേ പോലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രവർത്തന സജ്ജമാകണമെന്ന നിർദേശവും മുന്നോട്ടുവച്ചു. തിരുവനന്തപുരത്ത് കെ. കരുണാകരൻ ഫൗണ്ടേഷൻ മന്ദിര നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ ആരംഭിക്കാനും യോഗം തീരുമാനിച്ചു.