വൈദ്യുതി പ്രതിസന്ധി: വീണ്ടും ടെൻഡർ വിളിക്കും
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 300 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വീണ്ടും ടെൻഡർ ക്ഷണിക്കാൻ വൈദ്യുതി ബോർഡ്. ജൂലൈയിൽ തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് ടെൻഡർ ക്ഷണിക്കുക.
അതേസമയം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ സംബന്ധിച്ച തീരുമാനം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം എടുക്കും. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭായോഗം ചർച്ച ചെയ്യും. ഇതിനുശേഷമാകും കുറഞ്ഞ തുകയ്ക്കുള്ള കരാർ പുനരുജ്ജീവിപ്പിക്കണോ അതോ ഉയർന്ന വിലയ്ക്ക് പുതിയ കരാറിൽ ഒപ്പിടണോ എന്നതിൽ തീരുമാനമെടുക്കുക.
നേരത്തെ 1200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി കെഎസ്ഇബി ടെണ്ടർ ക്ഷണിച്ചെങ്കിലും 553 മെഗാവാട്ട് വൈദ്യുതി നൽകാമെന്നാണ് കന്പനികൾ സമ്മതിച്ചത്. യൂണിറ്റിന് 6.88 രൂപ എന്ന നിരക്കാണ് കന്പനികൾ മുന്നോട്ടുവച്ചത്.
ഉയർന്ന തുകയയായതിനാൽ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. 500 മെഗാവാട്ടിന്റെ സ്വാപ്പ് കരാറിൽ 100 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുക. അതും ഡിസംബർ വരെ.
കഴിഞ്ഞ ദിവസം മധ്യപ്രദേശ് വൈദ്യുതി ബോർഡ് 200 മെഗാവാട്ട് വൈദ്യുതി സ്വാപ്പ് വ്യവസ്ഥയിൽ നൽകാമെന്നു സമ്മതിച്ചു. എന്നാൽ ഇത് ഈ മാസം അവസാനിക്കും.