പീഡന കേസ്: വിദേശത്തുനിന്ന് മടങ്ങാതെ ഷാക്കീര്‍ സുബാന്
Wednesday, September 20, 2023 12:58 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ഷാക്കീര്‍ സുബാന് (മല്ലു ട്രാവലര്‍, യുട്യൂബ് വ്ലോഗര്‍) വിദേശത്തുനിന്നു മടങ്ങിയെത്താന്‍ വൈകുന്നതോടെ കേസിന്റെ തുടര്‍നടപടികള്‍ വൈകുന്നു.
രാജ്യത്തിനു പുറത്തുള്ള ഇയാളുമായി പോലീസിന് നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. നാട്ടില്‍ മടങ്ങിയെത്തിയാലുടന്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന വിവരം പോലീസ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
അതേസമയം ചികിത്സയുടെ ഭാഗമായി ഇന്ത്യയില്‍ തുടരുന്ന പരാതിക്കാരിയായ സൗദി യുവതി വൈകാതെ കോടതിയില്‍ മൊഴി നല്‍കും.
കഴിഞ്ഞ 13നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം കൊച്ചിയിലെത്തിയ സൗദി യുവതിയുടെ ഇന്റര്‍വ്യൂ എടുക്കാനായി ഷാക്കീര്‍ ഇവരെ നഗരത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൂടെയുള്ളയാൾ പുറത്തേക്കിറങ്ങിയ സമയം ഷക്കീര്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.