ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ്ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കും: മുഖ്യമന്ത്രി
Sunday, February 25, 2024 12:13 AM IST
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിൽ ആദിവാസി-ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയുടെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് ജോലിയുടെ രൂപവും ഭാവവും മാറി വരും.
അതിനനുസൃതമായ കോഴ്സുകള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാധാന്യം നല്‍കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അറിവ്, ശേഷി, എന്നിവയില്‍ പരിഷ്കരണം വരുത്തേണ്ടതുണ്ട്. പുതിയ അറിവും കഴിവും ആര്‍ജിക്കണം. അതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലൈഫ് ലോംഗ് ലേണിംഗ് സ്ഥാപനങ്ങളാക്കി മാറ്റും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും. നിയമരംഗത്ത് പട്ടികജാതി വകുപ്പ് നടത്തിയ ചുവടുവയ്പാണ് ജ്വാല പദ്ധതി. പദ്ധതിയുടെ ഭാഗമായി 69 പേര്‍ക്ക് നിയമരംഗത്ത് പ്രായോഗിക പരിശീലനം നല്കി വരുന്നുണ്ട്.
24 പേര് ഹൈക്കോടതിയിലും 45 പേര് ജില്ലാ കോടതികളിലുമാണ് പരിശീലനം നേടുന്നത്. ഗവ. പ്ലീഡര്‍ ഓഫീസുകളിലാണ് ഭൂരിഭാഗം പേരും നിയമിക്കപ്പെടുന്നത്. ഇവര്‍ക്ക് മറ്റ് ഓഫീസുകളിലും പ്രഗത്ഭരായ മറ്റ് അഭിഭാഷകരുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.