ഇരിട്ടിയിൽ കാട്ടുതേനീച്ചയുടെ ആക്രമണം
Sunday, February 25, 2024 12:13 AM IST
ഇരിട്ടി: കുയിലൂരിൽ 31 തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉളിക്കലിനടുത്ത് കാലാങ്കിയിൽ മൂന്നു പേർക്കും കാട്ടുതേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളികളായ സി. സാവിത്രി (62), ടി.വി. രമ (70), കെ. സുശീല (60), വി.കെ. ശാരദ (52), കെ.വി. ദേവി (52), ഖദീജ (70), കെ.വി. ശകുന്തള (50), സുഹറ (60), കെ. സുമിത്ര (55), കെ. ശാന്ത (65), പി.പി. ജാനകി (70), കെ. ഓമന (55) എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ലത (47), കെ. അംബുജ (50), ഫാത്തിമ (56), കെ.പി. നാരായണി (71), പി. രമ (60), സൈനബ (60), കെ.വി. തങ്കമണി (67), കെ.പി. രാഗിണി (52), ഓമന (56), കെ.വി. പദ്മിനി ( 65), സി.കെ. ഖദീജ (53), നസീമ (43) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പി. പുഷ്പജ (60), കെ.കെ. തങ്കമണി (52), വി.വി. കാഞ്ചന (59), ഒ. ശ്യാമള (55), കെ. സുജാത (49), എൻ.വി. രാഗിണി (55), എം. സരോജിനി (53), എന്നിവരെ ഇരിക്കൂർ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തു.
ഇന്നലെ രാവിലെ കുയിലൂരിലെ മുണ്ടമറ്റം എസ്റ്റേറ്റിൽ നിന്ന് തൊഴിലിടത്തേക്ക് പോകുന്നതിനിടയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടുതേനീച്ചക്കൂട്ടം ആക്രമിച്ചത്. എസ്റ്റേറ്റിലെ ചെറുമതിലിന് സമീപം കൂടുകെട്ടിയ തേനീച്ചക്കൂട്ടമാണ് ഇവരെ ആക്രമിച്ചത്.
ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തൊഴിലാളികളെ രക്ഷിച്ചത്. എല്ലാവരെയും ആദ്യം ഇരിട്ടി, ഇരിക്കൂർ ഗവ.ആശുപത്രികളിലാണ് എത്തിച്ചത്. അവശനിലയിലായവരെ പിന്നീട് വിദ്ഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കാലാങ്കിയിൽ മൂന്നുപേർക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്. ഏറാട്ടുപറമ്പിൽ ചാക്കോ (70), അൽഫോൻസ (65), പാട്ടത്തിൽ സെബാസ്റ്റ്യൻ (72) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും മറ്റൊരാളെ ഉളിക്കലിലെ സ്വകാര്യ ആശുപത്രയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മാടത്തിൽ തേനീച്ചയുടെ കുത്തേറ്റു രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
തൊഴിലാളികൾ ഓടിയത് ഒരു കിലോമീറ്ററോളം
പൊടുന്നനെ ഉണ്ടായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ തൊഴിലാളികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. ദേഹം മുഴുവൻ തേനീച്ചകൾ പൊതിഞ്ഞതോടെ പലഭാഗങ്ങളിലേക്കായി ചിതറി ഓടി. ജനവാസ മേഖലയല്ലാത്തതിനാൽ ഒരു കിലോമീറ്ററോളം ഓടി പഴശി പദ്ധതി പ്രദേശത്തെ കടയിൽ എത്തിയാണ് വിവരം അറിയിക്കുന്നത്.
ഓട്ടത്തിനിടയിൽ പലർക്കും വീണും പരിക്കേറ്റു. ദേഹം മുഴുവൻ കുത്തേറ്റ പലരും വഴിയിൽ കുഴഞ്ഞുവീണു. നാട്ടുകാർ എത്തിയാണ് ഇവരെ രക്ഷിച്ചത്. ശരീരമാസകലം കുത്തേറ്റവരും സംഘത്തിൽ ഉണ്ടായിരുന്നതായി പരിക്കേറ്റ എം. സുരേജിനി പറഞ്ഞു.
വേനൽ കടുത്തതോടെ മലയോര മേഖലയിൽ കാട്ടു തേനീച്ചകളും കടന്നലുകളും കൂടുവിട്ട് ഇറങ്ങുന്നത് വലിയ അപകട ഭീഷണിയാണ് ഉണ്ടാക്കുന്നത്.