വൈദികനെ വാഹനമിടിപ്പിച്ച സംഭവം: 27 പേര് അറസ്റ്റില്‍
Sunday, February 25, 2024 1:01 AM IST
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരേ കൊലപാതകശ്രമത്തിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയില്ല.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ആക്രമണമുണ്ടായ ഉടൻ സഭാധികാരികളും ജനപ്രതിനിധികളും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ടിരുന്നു. കേസെടുത്തെങ്കിലും പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പ്രതികളുടെ പേരുവിവരം ചോദിച്ചപ്പോള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉണ്ടെന്ന സാങ്കേതികത്വം പറഞ്ഞു വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയുമായിരുന്നു.
പൂഞ്ഞാറിലെ സംഭവത്തോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച രണ്ടു പേര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ മതവിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് കോട്ടയം സൈബര്‍ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്വേഷപരമായ രീതിയിൽ പോസ്റ്റുകളും കമന്റുകളും മറ്റും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വൈദികനെ പള്ളിമുറ്റത്തുവച്ച് ആക്രമിച്ച തിൽ പ്രതിഷേധിച്ച് വിവിധ രൂപതകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നലെ വിവിധയിടങ്ങളിൽ നിരവധി പ്രതിഷേധ പരിപാടികൾ നടന്നു.
പ്രതിഷേധിച്ച അഞ്ച് പേർക്കെതിരേ കേസ്
വൈദികനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളിമുറ്റത്ത് പ്രതിഷേധയോഗം ചേർന്നവരിൽ കണ്ടാല്‍ അറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയും ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.
ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മര്‍ദിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തിട്ടുള്ളത്. സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ നല്കിയ പരാതിയിലാണ് വിശ്വാസികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.