ലോറി റെയില്‍വേ ട്രാക്കിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Monday, February 26, 2024 3:06 AM IST
ആര്യങ്കാവ്: കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ലോറി റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശി മണികണ്ഠനാണു (34) മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി പെരുമാൾ (28) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെങ്കോട്ട പുളിയറയ്ക്കു സമീപം ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം. കേരളത്തിൽനിന്ന് തൂത്തുക്കുടിയിലേക്ക് പ്ലൈവുഡ് കയറ്റിപ്പോയ ലോറി വളവ് തിരിയവേ 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പുളിയറ പോലീസും നാട്ടുകാരും ചേര്‍ന്ന് ജെസിബി അടക്കമുള്ളവയുടെ സഹായത്തോടെ ലോറി ട്രാക്കില്‍നിന്നു നീക്കിയാണ് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേസ്ഥലത്ത് ലോറിയും പിക്കപ്പും ട്രാക്കിലേക്കു വീണ് അപകടമുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.