സർവകലാശാലാ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നല്കിയില്ല
Friday, March 1, 2024 3:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള ബിൽ ഉൾപ്പെടെ നിയമസഭ പാസാക്കിയ മൂന്നു സർവകലാശാലാ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകില്ല.
മൂന്നു ബില്ലുകൾ തടഞ്ഞുവയ്ക്കുമെന്ന രാഷ്ട്രപതിഭവനിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജ്ഭവൻ അടിയന്തര പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഫലത്തിൽ സർവകലാശാലാ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നു വ്യക്തമായി.
സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ, ഈ സ്ഥാനത്തിരുന്നാണു സംസ്ഥാന സർക്കാരുമായി തുറന്ന പോരു നടത്തുന്നത്. ഗവർണറുടെ തീരുമാനങ്ങൾക്കു കൂടുതൽ ശക്തി നൽകുന്നതാണ് രാഷ്ട്രപതിഭവനിൽനിന്നുള്ള തീരുമാനം. കേരള സർവകലാശാല രണ്ടാം നിയമഭേദഗതി ബില്ലിൽ കേരള, കാർഷിക, സംസ്കൃത, കണ്ണൂർ, കാലിക്കട്ട്, വെറ്ററിനറി, ആരോഗ്യ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനാണു നിർദേശിക്കുന്നത്.
ചാൻസലർസ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കുന്നതി നു സമാനമായ മൂന്നാം ഭേദഗതി ബിൽ കൂടി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. കുസാറ്റ്, ഫിഷറീസ്, മലയാളം, സാങ്കേതിക, ശ്രീനാരായണ ഗുരു ഓപ്പണ് സർവകലാശാലകളുടെ ചാൻസലർസ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബില്ലാണ് രണ്ടാമത്തേത്. ആദ്യബില്ലിന് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിൽ രണ്ടാം ബില്ലിനും അനുമതി നൽകാനാകില്ല.
സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാനത്ത് ഹൈക്കോടതി നൽകുന്ന പാനലിൽനിന്ന് ജില്ലാ ജഡ്ജിയെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി വിരമിച്ച ജഡ്ജിയെ നിയമിക്കാൻ സർക്കാരിന് അംഗീകാരം നൽകുന്ന ബില്ലാണ് രാഷ്ട്രപതി തടഞ്ഞ മറ്റൊരെണ്ണം.
ഇതിനു സമാനമായ മറ്റൊരു ബിൽകൂടി രാഷ്ട്രപതിയുടെ പരിഗണനയിലുണ്ട്. ഇതും ഫലത്തിൽ തടയപ്പെടുന്ന സാഹചര്യമുണ്ടാകും.
ഇതോടെ നാലു ബില്ലുകൾ പാസാക്കാനാകാത്ത സാഹചര്യം വരും. ഇതു കൂടാതെ സാങ്കേതിക സർവകലാശാലയിൽ മുൻ എംപി പി.കെ. ബിജു ഉൾപ്പെടെ ആറ് സിൻഡിക്കറ്റ് അംഗങ്ങളെക്കൂടി നിയമിക്കാനുള്ള വ്യവസ്ഥയടങ്ങുന്ന ബില്ലും തടഞ്ഞുവച്ചതിലുണ്ട്. ഇതോടെ ഗവർണർ അയച്ച അഞ്ചു സർവകലാശാലാ ബില്ലുകൾക്കും രാഷ്ട്രപതിയുടെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായി.
നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് കോടതി ഇടപെടലിനെത്തുടർന്നു കഴിഞ്ഞ നവംബറിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനു ഗവർണർ അയച്ചത്. ഇതിൽ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അനുമതി നൽകിയിരുന്നു. മിൽമയുടെ ഭരണം സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ബില്ലിലാണ് ഇനി തീരുമാനം വരാനുള്ളത്.