ബഹുദൂരം... തേവര!
Saturday, March 2, 2024 12:54 AM IST
കോട്ടയം: നഗരം ഉറങ്ങാതെ വീണ്ടും ഒരുനാള്‍കൂടി കടന്നുപോയി. എംജി കലോത്സവത്തില്‍ രാത്രി വൈകിയും തുടരുന്ന മത്സരങ്ങള്‍ ആസ്വദിക്കാന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് തുടരുകയായിരുന്നു.
തിരുനക്കരയില്‍ കോല്‍ക്കളിയും നാടോടി നൃത്തവും ആസ്വാദകരുടെ മനംകവര്‍ന്നപ്പോള്‍ സിഎംഎസ് കോളജിലേക്ക് വിദ്യാര്‍ഥികള്‍ രാത്രി വൈകിയും എത്തിക്കൊണ്ടിരുന്നു. വെസ്റ്റേണ്‍ വോക്കല്‍ സോളോയും ശാസ്ത്രീയ നൃത്തവും കുട്ടികളെ പിടിച്ചിരുത്തി.
തേവര എസ്എച്ച് കോളജിന്റെ ലാസ്യലയ താളത്തില്‍ ആറാടി എറണാകുളം ജില്ലയുടെ മുന്നേറ്റം ഇന്നലെയും തുടര്‍ന്നു. കലോത്സവം അവസാനിക്കാന്‍ രണ്ടുദിനം ബാക്കിനില്‍ക്കേ 54 പോയിന്റുമായി തേവര എസ്എച്ച് കോളജ് തുടക്കം മുതലുള്ള തേരോട്ടം തുടരുകയാണ്. 44 പോയിന്റുമായി സെന്റ് തെരേസാസാണ് രണ്ടാം സ്ഥാനത്ത്.
40 പോയിന്റ് നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്തുണ്ട്. പിന്നിലായിരുന്ന മുന്‍ ചാമ്പ്യന്മാര് കൂടിയായ മഹാരാജാസ് 34 പോയിന്റുമായി നാലാമതെത്തി. ആതിഥേയരായ കോട്ടയം സിഎംഎസ് കോളജ് എറണാകുളത്തെ കോളജുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 16 പോയിന്റുമായി ഏഴാമതുണ്ട്. ആദ്യമായാണ് സിഎംഎസ് കോളജ് ഏഴാം സ്ഥാനത്ത് എത്തുന്നത്. നാളെ കലോത്സവം സമാപിക്കും.
കോട്ടയത്തെ താരം അനന്തലക്ഷ്മി...

കോട്ടയം: കലോത്സവത്തില്‍ കോട്ടയത്തെ താരം അനന്തലക്ഷ്മിയാണ്. നിലവില്‍ കോട്ടയം ജില്ലയ്ക്ക് 16 പോയിന്റാണ് ഉള്ളത്. ഇതില്‍ 10 പോയിന്റ് കോട്ടയം ജില്ലയ്ക്കുവേണ്ടി നേടിയെടുത്തത് സിഎംഎസ് കോളജ് ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥി അനന്തലക്ഷ്മി ആര്. കൃഷ്ണന്.
കഴിഞ്ഞ ദിവസം നടന്ന കേരളനടനം, ഭരതനാട്യം ഇനങ്ങളില്‍ ഒന്നാം സ്ഥാനവും കുച്ചിപ്പുടിക്ക് എ ഗ്രേഡുമുണ്ട്. ഗ്രൂപ്പിനങ്ങളില്‍ മാര്‍ഗംകളിയില്‍ കൂടി ഇനി പങ്കെടുക്കാനുണ്ട്. നാട്ടകം സ്വദേശി രാധാകൃഷ്ണനാണ് അച്ഛന്. ലളിതാംബികയാണ് അമ്മ.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കലോത്സവ മത്സരയിനങ്ങളില്‍ വിജയിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അനന്തലക്ഷ്മിയുടെ അവസാന കലോത്സവം കൂടിയാണിത്.
അന്ന് സംഘാടക, മത്സരാര്‍ഥി; ഇന്ന് അധ്യാപികയായി വിദ്യാര്‍ഥികള്‍ക്കൊപ്പം

കോട്ടയം: കലോത്സവ ഓര്‍മകള്‍ ഏറെ പറയാനുണ്ട് എംജി യൂണിവേഴ്സിറ്റി ജേര്‍ണലിസം വകുപ്പ് മേധാവി ഡോ. ലിജിമോള്‍ പി. ജേക്കബിന്. 1990ല്‍ ആദ്യമായി നടന്ന എംജി കലോത്സവത്തിന്റെ മുന്‍നിര സംഘാടകയായിരുന്നു അന്ന് യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്‍മാനായിരുന്ന ലിജിമോള്‍. അക്കാലത്തെ കലോത്സവങ്ങളിലൊക്കെ പ്രസംഗം, രചനാ മത്സരങ്ങളില്‍ തുടരെ പങ്കെടുത്തിട്ടുണ്ട്.
പിന്നീട് ജേര്‍ണലിസത്തില്‍ പിജിയും ഡോക്ടറേറ്റും നേടി എംജി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിൽ അധ്യാപികയും തുടര്‍ന്ന് മേധാവിയുമായി. മൂന്നു പതിറ്റാണ്ടിലേറെയായി കലോത്സവ വേദികളില്‍ ഈ അധ്യാപികയുടെ സാന്നിധ്യമുണ്ട്. വിദ്യാര്‍ഥികളെ വിവിധ ഇനങ്ങള്‍ പരിശീലിപ്പിച്ച് മത്സരവേദിയില്‍ എത്തിക്കാന്‍ ടീച്ചര്‍ കൂടെയുണ്ട്.
പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല ആടാനും പാടാനും പ്രസംഗിക്കാനുമൊക്കെ കഴിവുള്ളവരാണ് തന്റെ വിദ്യാര്‍ഥികളെന്ന തിരിച്ചറിവിലാണ് ലിജി ടീച്ചറും സഹ അധ്യാപകരും ടീമിനെ നയിക്കുന്നത്. കലോത്സവത്തിലെ എല്ലാ വേദികളിലും മാധ്യമ വിദ്യാര്‍ഥികളുടെ സാന്നിധ്യമുണ്ട്.
സഞ്ജനയുടെ താളം

കോട്ടയം: ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ക്കൊപ്പം ആത്മവിശ്വാസം മുറുകെ പിടിച്ചു സഞ്ജന പാടി. ട്രാന്സ്ജന്ഡര് വിഭാഗത്തിൽ കര്‍ണാടിക് ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥി കൂടിയായ സഞ്ജന.
കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രതിഭാതിലകപ്പട്ടവും നേടിയിട്ടുണ്ട് സഞ്ജന.