കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി
Saturday, April 13, 2024 1:21 AM IST
കൊച്ചി: കരുവന്നുര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായ രേഖകള്‍ ഇഡിയിൽനിന്ന് വിട്ടുനല്കണമെന്നാവശ്യപ്പെടുന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ജസ്റ്റീസ് കെ. ബാബു വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്രിമമായി ചമയ്ക്കലും അനുബന്ധ കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിലെ രേഖകളാണ് ഇഡി പിടിച്ചെടുത്തത്. ബാങ്ക് നടത്തിയ 90 വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഫയലുകളാണ് അന്വേഷണത്തിന്റെ ഭാഗമായി തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍, നല്കാന് ഇഡി വിസമ്മതിച്ചതായി ഹര്‍ജിയില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് ആരില്‍നിന്നു പിടിച്ചെടുത്തുവോ അവര്‍ക്കല്ലാതെ മറ്റാർക്കും നല്‍കാനാകില്ലെന്നാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രേഖാമൂലം അറിയിച്ചത്.