മാസപ്പടി കേസ്: സിഎംആര്എല് ഉദ്യോഗസ്ഥര് ഇഡി ഓഫീസില് ഹാജരായി
Tuesday, April 16, 2024 3:01 AM IST
കൊച്ചി: മാസപ്പടിക്കേസില് ആലുവയിലെ സിഎംആര്എല് ഉദ്യോഗസ്ഥര് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില് ഹാജരായി രേഖകള് സമര്പ്പിച്ചു. ചീഫ് ഫിനാന്ഷല് ഓഫീസര് സുരേഷ്കുമാര്, മാനേജര് ചന്ദ്രശേഖരന്, ഐ.ടി വിഭാഗം മേധാവി അഞ്ജു എന്നിവരാണ് ഇന്നലെ രാവിലെ ഇഡി ഓഫീസിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് 1.72 കോടി രൂപ സിഎംആര്എല് നല്കിയത് സംബന്ധിച്ച രേഖകളാണ് ഹാജരാക്കിയത്.
മാനേജിംഗ് ഡയറക്ടര് സി.എന്. ശശിധരന് കര്ത്ത ഇന്നലെ ഹാജരായില്ല. ആദായനികുതിവകുപ്പിന്റെ ഇടക്കാല സെറ്റില്മെന്റ് ബോര്ഡിന്റെ ഉത്തരവിലൂടെയാണ് ഇരുകമ്പനികളും തമ്മിലുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകള് പുറത്തുവന്നത്.
സംഭവത്തില് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം നടന്നുവരികയാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ 27ന് ആണ് ഇഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്.
സിഎംആര്എല്. 2013-14 സാമ്പത്തിക വര്ഷം മുതല് 2019-20 സാമ്പത്തിക വര്ഷം വരെയുള്ള കാലയളവില് 135 കോടിയുടെ സ്വത്ത് സമ്പാദിച്ചത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് കണ്ടത്തിയിരുന്നു. ഇതില് 95 കോടി രൂപ രാഷ്ട്രീയ പാര്ട്ടികളടക്കം ചില വ്യക്തികള്ക്ക് കൈമാറിയതായാണ് കണ്ടെത്തല്.