പെട്ടി, പെട്ടി... ബാലറ്റ് പെട്ടി!
Thursday, April 18, 2024 1:55 AM IST
ബിജു കുര്യൻ
പത്തനംതിട്ട: ബാലറ്റ് പെട്ടി മാറി വോട്ടിംഗ് യന്ത്രത്തിലേക്ക് എത്തിയെങ്കിലും ഇന്നും പഴയ പെട്ടി ചരിത്രത്തിൽനിന്നു മാറിയിട്ടില്ല. ബാലറ്റ് പെട്ടികൾക്ക് പല രൂപങ്ങളും ഘടനയുമൊക്കെ മാറിമാറി വന്നുവെങ്കിലും പെട്ടി എന്ന സങ്കല്പത്തിന് ഇന്നും പ്രസക്തി ഉണ്ട്.
പോളിംഗ് ബൂത്തുകളിൽ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്പോഴും തപാൽ വോട്ടുകളും വീടുകളിൽ കഴിയുന്ന മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ ശേഖരിക്കാനുമൊക്കെ ഇന്നും പെട്ടിതന്നെ വേണം. ഇത്തരക്കാർ ചെയ്ത വോട്ടുകൾ പെട്ടിയിൽ ശേഖരിച്ചാണു വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു മാറ്റുന്നത്.
സ്വാതന്ത്ര്യത്തിനു മുന്പ് വിവിധ തരം വോട്ടിംഗ് രീതികൾ രാജ്യത്തു നിലവിലുണ്ടായിരുന്നു. ഇതിലേറ്റവും പ്രധാനപ്പെട്ടതായിരുന്നു കളർ ബോക്സ് സിസ്റ്റം. എല്ലാ പോളിംഗ് ബൂത്തിലും സ്ഥാനാർഥിയുടെ എണ്ണം അനുസരിച്ച് അത്രയും പെട്ടികൾ സജ്ജീകരിച്ചുകൊണ്ടുള്ള വോട്ടിംഗ് രീതിയായിരുന്നു ഇത്. ഓരോ പെട്ടിയിലും ഓരോ സ്ഥാനാർഥിയുടെ പേര് ഉണ്ടായിരിക്കും. ബാലറ്റ് തനിക്കിഷ്ടപ്പെട്ട സ്ഥാനാർഥിയുടെ പെട്ടിയിൽ നിക്ഷേപിക്കാം.
ലോക്സഭയിലേക്ക് 1952ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കളർ ബോക്സ് സംവിധാനം പരിഷ്കരിച്ചു. ബാലറ്റ് പെട്ടികൾക്കു വ്യത്യസ്ത നിറങ്ങൾ നൽകുന്നതിനു പകരം ഓരോ സ്ഥാനാർഥിയുടെയും ചിഹ്നം ബാലറ്റ് പെട്ടിയിൽ പതിപ്പിക്കാൻ തുടങ്ങി. ഇത് അധികകാലം നീണ്ടുനിന്നില്ല. മാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി.
പുതിയ രീതികൾ ആദ്യം പരീക്ഷിച്ചത് കേരളത്തിൽ
1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലാണ് മാർക്കിംഗ് സംവിധാനം ആദ്യം പരീക്ഷിച്ചത്. ഇതനുസരിച്ച് ബാലറ്റ് പേപ്പറിൽ ഓരോ സ്ഥാനാർഥിയുടെയും പേരും ചിഹ്നവും രേഖപ്പെടുത്തും. ഇഷ്ടമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിൽ അടയാളമിടുന്നതാണു മാർക്കിംഗ് രീതി. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ആദ്യം പരീക്ഷിച്ചതും കേരളത്തിലാണ്.
1982ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭ മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പുഫലം റിക്കാർഡ് വേഗത്തിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ വിവാദങ്ങളുമായി.
മത്സരത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസ് കോടതിയെ സമീപിച്ചു. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തുകളിൽ താൻ പിന്നിലായതും മറ്റിടങ്ങളിൽ ലീഡ് ചെയ്തതും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. കേസിൽ സുപ്രീംകോടതി വിധി എ.സി. ജോസിന് അനുകൂലമായി.
വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച ബൂത്തുകളിലെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. പിന്നീട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയപ്പോൾ ഫലം എ.സി. ജോസിന് അനുകൂലവുമായി. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന രീതിയിൽ ജനപ്രാതിനിധ്യനിയമത്തിൽ 1989ലാണു ഭേദഗതി വരുത്തിയത്.