ഞാൻ ബിജെപിയെ എതിർക്കുന്നു, പിണറായി എന്നെയും: രാഹുൽ ഗാന്ധി
Friday, April 19, 2024 3:58 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലിയെന്നും കണ്ണൂരിലെ യുഡിഎഫ് മഹാസംഗമത്തിൽ രാഹുൽ പറഞ്ഞു.
“വിമർശനവും എതിർപ്പും സത്യസന്ധമായാൽ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂ. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. അദാനിക്കെതിരേ പ്രസംഗിച്ചതിനു പിന്നാലെ എന്നെ ലോക്സഭയില്‍നിന്നു പുറത്താക്കി. ഇഡി എന്നെ 55 മണിക്കൂർ ചോദ്യം ചെയ്തു. താമസിച്ചിരുന്ന വീട്ടില്‍നിന്നുപോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ എനിക്കു വീടുണ്ട്. മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂ”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ എതിർക്കുന്ന എനിക്കു സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു സംഭവിക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം എടുത്തുകളയാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്? എന്തുകൊണ്ടാണ് ഇഡിയോ സിബിഐയോ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്? ഈ രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. അവർക്കു സംഭവിച്ചത് കേരളത്തിലെ മുഖ്യമന്ത്രിക്കു മാത്രം സംഭവിക്കാത്തത് എന്താണ്?
“ബിജെപിക്കും ആർഎസ്എസിനുമെതിരേ ശക്തിയുക്തം പോരാടുന്ന ഒരാളാണു ഞാൻ. അവർ എന്നെ എന്തൊക്കെ ചെയ്താലും ഓരോ ദിവസവും ഞാൻ ആ പോരാട്ടം തുടരുകയാണ്. ആശയപരമായി എനിക്ക് അവരോടു കടുത്ത ഭിന്നതയുണ്ട്.
അവർക്കെതിരേ പോരാടുമ്പോൾ, ഞാൻ അതിനു വലിയ വില കൊടുക്കേണ്ടിവരുന്നുണ്ട്. അവരുടെ മാധ്യമങ്ങളും ചാനലുകളും എന്നെ 24 മണിക്കൂറും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷ അടിച്ചേൽപ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു.
മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോൾ ഏത് ഭാഷയിൽ കേരളം അതിന്റെ ചരിത്രം പറയുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.