തെരഞ്ഞെടുപ്പ്: സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിക്ക്
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: കേരളത്തിൽനിന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും.
കെപിസിസി ഭാരവാഹികൾ, പോഷകസംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് സംഘം. ഇന്നലെ ഒരു സംഘം പുറപ്പെട്ടു.
മറ്റൊരു സംഘം ഇന്ന് ഡൽഹിയിലെത്തും. ഏഴ് ലോക്സഭാ മണ്ഡലങ്ങളാണ് ഡൽഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്.
മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യകുമാർ, നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഉദിത് രാജ്, ചാന്ദ്നി ചൗക്കിൽ ജയ്പ്രകാശ് അഗർവാൾ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥികൾ.
പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിലും കേരള നേതാക്കൾ പങ്കെടുക്കും. 23 വരെ കേരള സംഘം പ്രചാരണത്തിനായി ഡൽഹിയിലുണ്ടാകും.