സേവനാവകാശ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ
Saturday, May 18, 2024 3:04 AM IST
തിരുവനന്തപുരം: സേവനാവകാശ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്താൻ സംസ്ഥാനം. സേവനം നിഷേധിക്കുകയോ കാര്യക്ഷമമായ സേവനം യഥാസമയം നൽകാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ശന്പളത്തിൽ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിന്റെ കരട് തയാറായി. ഈടാക്കുന്ന പിഴത്തുക പരാതിക്കാരനു നഷ്ടപരിഹാരമായി നൽകും.
സേവനം നിഷേധിക്കപ്പെട്ടാൽ രണ്ടു തലത്തിൽ അപ്പീൽ നൽകാം. ആദ്യ അപ്പീൽ തീരുമാനം നീതിപൂർവകമല്ലെന്നു കണ്ടാൽ അപ്പീൽ അധികാരിയായ ഉന്നത ഉദ്യോഗസ്ഥൻ പിഴ നൽകേണ്ടിവരും. നിയമ നടത്തിപ്പിന്റെ മേൽനോട്ടത്തിന് സെക്രട്ടറി തലത്തിൽ പ്രത്യേക അഥോറിറ്റിക്കും ശിപാർശയുണ്ട്.
നിയമ പരിഷ്കരണ കമ്മിഷനാണ് നിയമത്തിന്റെ കരട് തയാറാക്കിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2012 നംവംബറിലാണ് സേവനാവകാശ നിയമം നിലവിൽ വന്നത്. എന്നാൽ 12 വർഷമായിട്ടും കാര്യമായ മാറ്റം വരുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നിയമ നിർമാണത്തിലേക്കു കടന്നത്.
പല സർക്കാർ വകുപ്പുകളും ഇനിയും സേവനാവകാശ നിയമം നടപ്പാക്കിയിട്ടില്ലെന്നും സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ കൂടുതൽ വ്യവസ്ഥകൾ അടങ്ങിയ പുതിയ ബിൽ തയാറാക്കി സർക്കാരിന് കൈമാറിയത്.
താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസുകൾ മുതൽ വകുപ്പ് ആസ്ഥാനം വരെയുള്ള സേവനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും. അപേക്ഷ സ്വീകരിച്ചാൽ തീയതി രേഖപ്പെടുത്തി രസീത് നൽകണം. സേവനം നൽകേണ്ട സമയം അതത് വകുപ്പുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും.
അപേക്ഷ നിരസിച്ചാൽ ഒരുമാസത്തിനകം അതേ ഓഫീസിലെ തന്നെ ചുമതലപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥന് ആദ്യ അപ്പീൽ നല്കാം.
ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം അപ്പീൽ ഉദ്യോഗസ്ഥൻ തീരുമാനമെടുക്കണം. വീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ ഉദ്യോഗസ്ഥനുമെതിരേ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്യാം. ഒന്നാം അപ്പീൽ അധികാരിയുടെ വീഴ്ചയ്ക്ക് 2000 രൂപ മുതൽ 15,000 രൂപ വരെയാണ് പിഴ ചുമത്തുക.
രണ്ടാം അപ്പീൽ അപേക്ഷ തീർപ്പാക്കാനും ഒരുമാസ സമയമാണ് അനുവദിക്കുക. സേവനാവകാശം പ്രസിദ്ധപ്പെടുത്താത്ത വകുപ്പ് മേധാവിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കാനും നിർദേശിക്കുന്നു.