ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ച സംഭവം;അന്വേഷണം ആരംഭിച്ചു
Sunday, May 26, 2024 12:50 AM IST
നെടുംപൊയിൽ (കണ്ണൂർ): ആദിവാസി യുവതിയെ അവയവദാനത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പേരാവൂർ ഡിവൈഎസ്പി ടി.കെ. അഷ്റഫിനാണ് അന്വേഷണ ചുമതല.
എസ്സിഎസ്ടി ആക്ട് , കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 14നാണ് നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായ യുവതി അവയവദാനത്തിന് ഭർത്താവും മറ്റൊരു വ്യക്തിയും പ്രേരിപ്പിച്ചുവെന്ന് കാണിച്ച് പരാതി നൽകുന്നത്.
ആദ്യഘട്ടത്തിൽ എറണാകുളത്തും പിന്നീട് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും പേരാവൂർ ഡിവൈഎസ്പിക്കും കേളകം പോലീസിലും പരാതി നൽകി. ഇതേത്തുടർന്നാണ് കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഭര്‍ത്താവ് അനില്‍കുമാർ, ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നി എന്നിവർ ചേര്‍ന്ന് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അവയവദാനത്തിന് പ്രേരിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
പരിചയക്കാരെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയതെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞാണ് ബെന്നി യുവതിയെ എറണാകുളത്തേക്ക് വിളിച്ച് വരുത്തിയതത്രെ.
അവയവ ദാനത്തിന് ഭര്‍ത്താവ് ഒന്നരവര്‍ഷമായി നിരന്തരം പ്രേരിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. കിഡ്നി ദാനം ചെയ്താല്‍ ഒമ്പത് ലക്ഷം രൂപ വാങ്ങി നല്കാമെനാണ് ബെന്നി പറഞ്ഞതെന്നും യുവതി പറയുന്നു.
ലഭിക്കുന്ന തുകയിൽനിന്ന് ഒരു ലക്ഷം രൂപ ബെന്നിയും രണ്ട് ലക്ഷം രൂപ ഭര്ത്താവുംആവശ്യപ്പെട്ടു. 2014ൽ ഭർത്താവിന്റെ ഒരു വൃക്ക ബെന്നി വഴി തന്നെ ദാനം ചെയ്തിരുന്നു. അതിന് പ്രതിഫലമായി ആറ് ലക്ഷം രൂപയും ലഭിച്ചിരുന്നതായും യുവതി പറയുന്നു.