എംഎൽഎ ബസിൽ കയറിയെന്നു മൊഴി തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ മേയറുടെ ഭർത്താവ് സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയെന്ന് അന്ന് ബസിൽ യാത്ര ചെയ്തവർ പോലീസിനു മൊഴി നൽകി. ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചെന്നാണ് യാത്രക്കാരുടെ മൊഴി.
എംഎൽഎ കണ്ടക്ടറുമായി സംസാരിച്ചെന്നും മൊഴിയുണ്ട്. ബസിന്റെ സർവീസ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടക്ടർ കെഎസ്ആർടിസിക്ക് നൽകിയ ട്രിപ്പ് ഷീറ്റിലും എംഎൽഎ ബസിൽ കയറിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതി മേൽനോട്ടം വേണമെന്ന ഹർജി തള്ളി തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യ രാജേന്ദ്രനെതിരേ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി.
പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും പ്രാഥമികഘട്ടത്തിൽ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദുവാണ് കോടതിയിൽ ഹർജി നൽകിയത്.
കേസിലെ പ്രതികൾ മേയറും എംഎൽഎയുമാണ്, അന്വേഷണം ശരിയായി നടക്കില്ലെന്നതിന്റെ തെളിവാണ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.