ചിലന്തിയാറിൽ 40 ആടുകളെ കാട്ടുനായ്ക്കൾ കടിച്ചുകൊന്നു
Thursday, May 30, 2024 2:06 AM IST
മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായ്ക്കൾ നാൽപ്പതോളം ആടുകളെ കടിച്ചുകൊന്നു ഭക്ഷിച്ചു. ചിലന്തിയാർ സ്വദേശിയായ കനകരാജിന്റെ ആടുകളെയാണ് ആക്രമിച്ചു കൊന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
പുരയിടത്തിൽ മേയാൻവിട്ടിരുന്ന ആടുകളെ ഇരുപത്തഞ്ചോളം കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് കനകരാജ് പറഞ്ഞു. നായ്ക്കളെ കണ്ട് കനകരാജ് ഓടി രക്ഷപ്പെട്ടു.
ആക്രമണം ഉണ്ടായതോടെ ആടുകൾ ചിതറിയോടിയെങ്കിലും പിന്നാലെയെത്തിയ നായ്ക്കൾ ഇവയെ കീഴ്പ്പെടുത്തി. പത്ത് ആടുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. നാട്ടുകാർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.
ഭൂരിഭാഗം ആടുകളുടെയും എല്ലുംതോലും മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കിയെല്ലാം കാട്ടുനായ്ക്കൾ ആഹാരമാക്കി. 20 മുതൽ 40 കിലോ വരെ തൂക്കമുണ്ടായിരുന്ന ആടുകളാണ് ചത്തത്. ഇതോടെ കനകരാജിന് നാലുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പ്രദേശത്ത് നേരത്തെയും വളർത്തുമൃഗങ്ങൾക്കുനേരേ കാട്ടുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് അപൂർവ സംഭവമാണെന്ന് വനംവകുപ്പധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കനകരാജിന് നഷ്ടപരിഹാരം നൽകുമെന്ന് ഇവർ അറിയിച്ചു.