കനത്ത മഴ തുടരുന്നു; വ്യാപക നാശനഷ്ടം
Thursday, May 30, 2024 2:06 AM IST
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെയും കനത്ത മഴയും നാശനഷ്ടങ്ങളുമുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന കനത്തമഴയിൽ തിരുവനന്തപുരം ജില്ലയിൽ ഭീമമായ നാശമാണുണ്ടായത്.
നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. സ്മാർട്ട് സിറ്റി റോഡുകളുടെ പണി പൂർത്തിയാകാത്തതും പ്രധാന ഓടകൾ മാലിന്യം നിറഞ്ഞു അടഞ്ഞുകിടക്കുന്നതും റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂർണമാക്കി.
തന്പാനൂർ, പഴവങ്ങാടി, കിഴക്കേക്കോട്ട, ഗൗരീശപട്ടം, മെഡിക്കൽകോളജ് പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. താമസക്കാർക്കു വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. വെള്ളം കയറിയ വീടുകളിലുള്ള താമസക്കാരെ അടുത്തുള്ള സർക്കാർ സ്കൂളിലേക്കു മാറ്റി പാർപ്പിച്ചു.
ഹരിപ്പാട്ട് ഒരാൾ മരിച്ചു

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് വയോധികനെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മുട്ടം പറത്തറയിൽ ദിവാകരനെയാണ് (68) ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ വീടിന് മുൻവശത്തുള്ള വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്കു വരുന്ന വഴി വെള്ളക്കെട്ടിൽ വീണതാണെന്നു കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.
കുട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുകണ്ട സമീപവാസിയായ യുവാവ് അടുത്തുചെന്നു നോക്കിയപ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ദിവാകരനെ കണ്ടത്. ഉടൻതന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ.
കോട്ടയം ജില്ലയില്‍ നേരിയ ശമനം
കോട്ടയം ജില്ലയില്‍ ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുമായി അപ്രതീക്ഷിതമായെത്തിയ മഴ കനത്ത നാശം വിതച്ചിരുന്നു. എന്നാല്‍ ഇന്നലെ മഴ വലിയ ദുരിതം വിതച്ചില്ല.
മീനച്ചിലാറിലെയും മണിമലയാറിലെയും ജലനിരപ്പ് അപകടനിലയില്നിന്നും താഴ്ന്നിട്ടുണ്ട്. എന്നാൽ, ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കൈത്തോടുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഇടറോഡുകള്‍ എല്ലാം വെള്ളത്തിലാണ്. അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറിയതോടെ കൃഷിയിടങ്ങള്‍ക്ക് വ്യാപക നാശം സംഭവിച്ചു.
കൊച്ചി വീണ്ടും മഴയിൽ മുങ്ങി
തിമിർത്തു പെയ്ത മഴ വീണ്ടും എറണാകുളം ജില്ലയെ വെള്ളക്കെട്ടിലാക്കി. ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ വൈകുന്നേരം ആറു വരെ തുടർന്നു. നേരിയ ശമനമുണ്ടായെങ്കിലും വീണ്ടും നിർത്താതെയുള്ള പെയ്ത്ത് കളമശേരിയെയും പറവൂരിനെയും കാക്കനാടിനെയും വെള്ളക്കെട്ടിലാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്കിലും കളമശേരി മൂലേപ്പാടത്ത് 200 ഓളം വീടുകളിലും ഇന്നലെയും വെള്ളം കയറി.
അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി

ഇന്നലെ വൈകുന്നേരം മഴ കനത്തതോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം നിലച്ചു. ഇവിടെയുണ്ടായിരുന്ന രോഗികളെ ആശുപത്രിയുടെ മുകൾനിലയിലേക്കു മാറ്റി. ദിവസങ്ങൾക്കുമുന്പേ ഉണ്ടായ കനത്ത മഴയിൽ ആശുപത്രിക്ക് ഉൾവശം ആറടി ഉയരത്തിൽ വെള്ളം കയറി അഞ്ചു കോടിയുടെ നാശനഷ്ടം സംഭവിച്ചിരുന്നു.
ആശുപത്രിയുടെ മുൻവശത്തുള്ള കാന പൊളിച്ചിട്ടിരിക്കുകയാണ്. ഇതു നിറഞ്ഞുകവിഞ്ഞാണ് വെള്ളം കോന്പൗണ്ടിനുള്ളിലേക്കു കയറിയത്.
11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതിനൊപ്പം മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും കേരളത്തിൽ കാലവർഷപ്പെയ്ത്ത് തുടങ്ങാൻ അനുകൂലമാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മഴ തുടരുന്ന സാഹചര്യത്തിൽ കേരളമെങ്ങും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ 11 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .