വിഴിഞ്ഞം ആഹ്ലാദം ഒറ്റപ്പാലത്തും
Saturday, July 13, 2024 12:57 AM IST
ഷൊർണൂർ: അവൻ ഓണത്തിനു വരും... തിരുവോണമുണ്ണാൻ ഒന്നിച്ചുണ്ടാവുമെന്നു വിളിച്ചപ്പോൾ പറഞ്ഞു... വിഴിഞ്ഞത്തെത്തിയ കപ്പലിൽ ചെന്നു മകനെ കാണാനാവാത്തതിന്റെ നൊമ്പരമുള്ളിലുണ്ടെങ്കിലും വാണിയംകുളം അങ്ങാടിയിൽ അജീഷ് നിവാസിൽ ഗോവിന്ദരാജും ശശിപ്രഭയും ആഹ്ലാദത്തിലാണ്. ചരിത്രത്തിലേക്കു നങ്കൂരമിട്ട് വ്യാഴാഴ്ച വിഴിഞ്ഞത്തെത്തിയ ആദ്യകപ്പലിലെ മലയാളി എൻജിനിയർ പ്രജീഷ് ഗോവിന്ദരാജ് ഇവരുടെ മകനാണ്.
തിരുവനന്തപുരത്തേക്കു വരാനുള്ള മാതാപിതാക്കളുടെയും ഭാര്യയുടെയും ആഗ്രഹം പ്രജീഷ് വിലക്കുകയായിരുന്നു. മഴയും പ്രതികൂലകാലാവസ്ഥയും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മകൻ ഇത്തവണ ഓണത്തിനു നാട്ടിലെത്താമെന്നു സമ്മതിച്ചതിന്റെ ആഹ്ലാദത്തിലാണ് കുടുംബം.
ആദ്യം വിഴിഞ്ഞം തീരംതൊട്ട സാന്‍ ഫെര്‍ണാണ്ടോ കപ്പലിലെ ഏക മലയാളിയാണ് ഇലക്ട്രിക്കൽ എൻജിനിയറായ(ഇടിഒ) പ്രജീഷ് ഗോവിന്ദരാജ്.
ലോകശ്രദ്ധ നേടി വിഴിഞ്ഞത്തെത്തിയ ആദ്യത്തെ കപ്പലിൽ ജീവനക്കാരനായി തങ്ങളുടെ മകനും ഉണ്ടെന്ന അഭിമാനം പ്രജീഷിന്റെ രക്ഷിതാക്കൾ മറച്ചുവച്ചില്ല. മുപ്പത്തെട്ടുകാരനായ പ്രജീഷ് പത്തുവർഷങ്ങൾക്കുമുൻപാണ് കപ്പലിലെ ജോലിയിൽ പ്രവേശിച്ചത്.
ഈമാസം രണ്ടിനു ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നും 2000 കണ്ടെയ്നറുകളുമായി പുറപ്പെട്ട മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ് വ്യാഴാഴ്ച രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.
പ്രജീഷടക്കം അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. യുക്രെയ്ൻ സ്വദേശിയായ വൊളോദിമറാണ് ക്യാപ്റ്റൻ. വിഴിഞ്ഞത്ത് ഇറക്കാനുള്ള കണ്ടെയ്നറുകൾ യാർഡിലേക്കു മാറ്റിയശേഷം തിരികെ കൊളംബോയിലേക്കു കപ്പൽ മടങ്ങി.