ഫാ. ആർമണ്ട് ദൈവത്തെ നേരിൽക്കണ്ട വിശുദ്ധൻ: മാർ പാംപ്ലാനി
Sunday, July 14, 2024 12:51 AM IST
ഇരിട്ടി: മതത്തിനും വിശ്വാസത്തിനും അതീതമായി പരസ്പരം സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ദൈവസ്നേഹം ഉണ്ടാകുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ.
പട്ടാരം വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഫാ. ആർമണ്ടിന്റെ ദൈവദാസ പദവി പ്രഖ്യാപനത്തിനുശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർമപഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുക എന്നത് ദൈവദാനമായ കഴിവാണ്. ഇത്തരത്തിലുള്ള ജീവിതമഹത്വമാണ് ആർമണ്ടച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചതിനു പിന്നിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പരിശുദ്ധ ത്രിത്വത്തിന്റെ ഉപാസകനായിരുന്ന ആർമണ്ടച്ചൻ നന്മയുടെയും സ്നേഹത്തിന്റെയും അടയാളമായിരുന്നുവെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുമ്പസാരക്കൂട്ടിലും നിലാവുപോലെ പരിശുദ്ധനായിരുന്ന അച്ചൻ ദൈവത്തെ നേരിൽക്കണ്ട വിശുദ്ധനായിരുന്നുവെന്നും ആർച്ച്ബിഷപ് പറഞ്ഞു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം ഫോട്ടോ അനാച്ഛാദനം ചെയ്തു.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. തോമസ് കരിങ്ങടയിൽ, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, സെന്റ് ജോസഫ് പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. ചെറിയാൻ സ്കറിയ, താമരശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട്, തലശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫാ. സ്റ്റീഫൻ ജയരാജ്, ഡോ.സിസ്റ്റർ ട്രീസ പാലക്കൽ, സിസ്റ്റർ അഞ്ജലി, ഫാ.ബിജു മാധവത്ത്, ഫാ.ജിതിൻ മാനുവൽ, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വാർഡ് അംഗം ഷൈജൻ ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജിന്റെ വയലിൻ ഫ്യൂഷനും അരങ്ങേറി.