ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഫണ്ട് ദുരുപയോഗം: സര്‍ക്കാര്‍ തിരുത്തണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്
Sunday, July 14, 2024 2:10 AM IST
കൊച്ചി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം സംബന്ധിച്ച കണ്ടെത്തലുകളില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന് ആവശ്യപ്പെട്ടു.
സുതാര്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം. സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളെ സംബന്ധിക്കുന്ന കണ്ടെത്തലുകള്‍ ഗൗരവമേറിയതാണ്. സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വപരമായ സമീപനമാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വരെ സ്വീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്കായുള്ള ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്. എന്നിട്ട് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സ്കോളര്‍ഷിപ്പുകള്‍ നിഷേധിക്കുന്ന അവസ്ഥയുണ്ട്. ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനിടയായതും വിവിധ സ്കോളര്‍ഷിപ്പുകള്‍ ഒരേ വിദ്യാര്‍ഥിക്ക് ലഭിക്കുന്നതും പെണ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് ആണ്‍കുട്ടികള്‍ക്ക് ലഭിക്കാനിടയായതുമൊക്കെ ഗുരുതര വീഴ്ചകളാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.