ബിജെപി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് സി.കെ. പദ്മനാഭൻ
Sunday, July 14, 2024 2:10 AM IST
കണ്ണൂര്: ബിജെപി നേതൃത്വത്തിനെതിരേ കടുത്ത വിമർശനമുന്നയിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതിയംഗവുമായ സി.കെ. പദ്മനാഭൻ. മറ്റു പാർട്ടികളിൽനിന്നു രാജിവച്ച് വരുന്നവർക്കായി ബിജെപി നേതൃത്വം പരവതാനി വിരിക്കുന്പോൾ വർഷങ്ങളായി പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന യഥാർഥ പ്രവർത്തകരെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയെന്ന് സി.കെ. പദ്മനാഭൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് വലിയ പാരന്പര്യമുള്ള പാർട്ടിയാണെന്നും കോൺഗ്രസ് മുക്ത ഭാരതമെന്നത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും അതു നടപ്പിൽ വരുത്താനാകില്ലെന്നും അദേഹം പറഞ്ഞു. ഒരു പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ തുറന്നടിച്ചത്.
തൃശൂർ എംപി സുരേഷ് ഗോപിയെയും അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെയും അഭിമുഖത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവർത്തകനോ അല്ല. സിനിമയിൽനിന്നു വന്നയാൾ മാത്രമാണ്. ബിജെപിയെക്കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ ഇന്ദിരാഗാന്ധിയെ ഭാരതമാതാവ് എന്നു വിശേഷിപ്പിക്കില്ല. എ.പി. അബ്ദുള്ളക്കുട്ടി പാർട്ടിയിലേക്കു വന്നതുകൊണ്ട് അദ്ദേഹത്തിനു നേട്ടമുണ്ടായി എന്നല്ലാതെ പാർട്ടിക്ക് ഒരു ഗുണവുമായിട്ടില്ലെന്നും വിമർശിച്ചു.
കോൺഗ്രസിൽനിന്നു നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നത് അധികാരം മാത്രം ലക്ഷ്യമിട്ടാണ്. ബിജെപിക്ക് അധികാരം നഷ്ടമായാൽ ഇവരൊന്നും പാർട്ടിക്കൊപ്പമുണ്ടാകില്ല. ഇപ്പോൾതന്നെ പാർട്ടിയിലേക്കു വന്ന ചിലർ ചാഞ്ചാട്ടസ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.