പെട്രോൾ പന്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരൻ പിടിയിൽ
Monday, July 15, 2024 3:18 AM IST
കണ്ണൂർ: ഇന്ധനം നിറച്ച ശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ച പോലീസുകാരനെ തടഞ്ഞ പന്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. കണ്ണൂർ പോലീസ് ഡിഎച്ച് ക്യുവിലെ ഡ്രൈവർ കെ. സന്തോഷ്കുമാറാണ് (50) പെട്രോൾ പന്പിലും നഗരത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാന്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പന്പിലായിരുന്നു സംഭവം.
2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണു നൽകിയത്. ബാക്കി പണം ചോദിച്ചപ്പോൾ, തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുംപറഞ്ഞ് കാറുമായി പോകാൻ തുനിഞ്ഞു. ഇത് ജീവനക്കാരനായ അനിൽ മുന്നിൽനിന്നു തടയാൻ ശ്രമിച്ചു. കാർ നീക്കിയപ്പോൾ അനിൽ ബോണറ്റിനു മുകളിലേക്ക് വീണു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ്കുമാർ അതിവേഗം പോകുകയായിരുന്നു. നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലാണു നിർത്തിയത്.
വിവരമറിഞ്ഞെത്തിയ ടൗൺ പോലീസ് സന്തോഷ്കുമാറിനെയും കാറും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. കാര്യമായ പരിക്കില്ലാതെ അനിൽ ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. സന്തോഷ്കുമാറിനെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തു.
ഏതാനും മാസങ്ങൾക്ക് മുന്പ് കണ്ണർ നഗരത്തിലെ കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പന്പിലേക്ക് ഇയാൾ പോലീസ് വാഹനം ഓടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ തകരാറാണ് അപകടത്തിനു കാരണമെന്നായിരുന്നു പറഞ്ഞിരുന്നത്. സന്തോഷിനെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പതല നടപടികൾ സ്വീകരിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.