പിഎസ്സി കോഴ വിവാദം: സിപിഎം കേസ് ഒതുക്കുന്നുവെന്ന് വി.ഡി. സതീശന്
Monday, July 15, 2024 3:18 AM IST
കൊച്ചി: പിഎസ്സി അംഗത്വം കിട്ടാന്‍ മന്ത്രിയുടെയും എംഎല്‍എയുടെയും പാര്‍ട്ടി നേതാക്കളുടെയും പേരു പറഞ്ഞ് പണം വാങ്ങിയ സംഭവം പണം തിരിച്ചുനല്‍കി പാര്‍ട്ടിതന്നെ ഒതുക്കിത്തീര്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കോഴ വാങ്ങിയ സംഭവമില്ലെന്നു പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രി റിയാസും സിപിഎം നേതൃത്വവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ ഒരു സംഭവമില്ലെങ്കില്‍ എന്തിനാണ് ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.
പിഎസ്സി അംഗമാക്കാനല്ല, ആയുഷിലേക്കുള്ള സ്ഥലം മാറ്റത്തിനാണു പണം വാങ്ങിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. ഹോമിയോ ഡോക്ടര്‍ക്ക് സ്ഥലംമാറ്റം കിട്ടാന്‍ 22 ലക്ഷമാണോ കേരളത്തിലെ റേറ്റ്. പരാതി കിട്ടിയിട്ട് എത്ര മാസമായി. അതു പോലീസിനു നല്‍കിയോ? പാര്‍ട്ടി തന്നെയാണോ പോലീസ് സ്റ്റേഷനും കോടതിയുമെന്നും സതീശന് ചോദിച്ചു.
ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളികളായ വമ്പന്മാര് ഉള്ളതുകൊണ്ടാണ് ഇതു പാര്‍ട്ടിയില്‍ ഒതുക്കിത്തീര്‍ക്കുന്നത്. പാര്‍ട്ടി പണം നല്‍കിയാണു കേസ് ഒതുക്കിത്തീര്‍ക്കുന്നത്. ചെറു മീനിനെ ബലി നല്കി പാര്‍ട്ടിയിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണ്. പിഎസ്സി അംഗത്വം വരെ വില്പനയ്ക്കു വയ്ക്കാന്‍ സിപിഎമ്മിന് നാണമില്ലേ. മുകള്‍ത്തട്ടു മുതല്‍ താഴെ വരെ അഴിമതിയാണ്. മുകളിലുള്ളവര്‍ അഴിമതി നടത്തുന്നതുകൊണ്ടാണ് താഴെയുള്ളവരെ നിയന്ത്രിക്കാനാകാത്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. ആര് അഴിമതി നടത്തിയാലും പുറത്തുവരണമെന്നും സതീശന് പറഞ്ഞു.