പിഎസ്സി കോഴ: പ്രമോദിനെതിരായ നടപടി തിരുത്തല്പ്രക്രിയയുടെ ഭാഗമെന്നു സിപിഎം
Wednesday, July 17, 2024 1:04 AM IST
കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തില്‍ ടൗണ്‍ ഏരിയാകമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎം. പാര്‍ട്ടിയിലെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണു നടപടിയെന്നും മറ്റു പ്രചാരണങ്ങളില്‍ വീണുപോകരുതെന്നുമാണു പാര്‍ട്ടി വിശദീകരിക്കുന്നത്.
പ്രമോദ് കോട്ടൂളിക്ക് വീരപരിവേഷം നല്‍കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടിക്കെതിരേ ശക്തമായ പ്രതികരണങ്ങളുമായി പ്രമോദ് രംഗത്തുവന്നതോടെയാണു പ്രമോദിനെതിരായ നടപടി ഒറ്റവരി വാര്‍ത്താകുറിപ്പില്‍ ഒതുക്കിയ സിപിഎം കൂടുതല്‍ വിശദീകരണത്തിനു തയാറായിരിക്കുന്നത്.
അപ്പോഴും, എന്തിന്റെ പേരിലാണ് പ്രമോദിനെതിരായ നടപടിയെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി തയാറായില്ല. പതിവുപോലെ മാധ്യമങ്ങളെ പഴിചാരിത്തന്നെയാണു പാര്‍ട്ടിയുടെ വിശദീകരണം. അച്ചടക്കനടപടി സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ ഒരു കൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന കടന്നാക്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്തുമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
നുണപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാര്‍ട്ടിയില്‍ കുഴപ്പമാണെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണു മാധ്യമങ്ങളും പാര്ട്ടിശത്രുക്കളും നടത്തുന്നത്. അതൊന്നും ഒരു വിധത്തിലും ഏശാന്‍ പോകുന്നില്ല. പാര്‍ട്ടിക്കെതിരായ ഇത്തരം നീക്കങ്ങളെ മുന്‍കാലത്തെന്നപോലെ പരാജയപ്പെടുത്തുകതന്നെ ചെയ്യും-സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ഏതെങ്കിലും തെറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു നടപടിക്കു വിധേയരാകുന്ന വ്യക്തികള്‍ക്കു വീര പരിവേഷം നല്കി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം പാര്‍ട്ടി ശത്രുക്കളും മാധ്യമങ്ങളും പണ്ടു മുതലേ സ്വീകരിച്ചുവരുന്നതാണ്.
പാര്‍ട്ടി നേതൃത്വത്തെയും സംസ്ഥാന സര്‍ക്കാരിനെയും കരിവാരി തേക്കാനാണ് ഈ അവസരത്തെ മാധ്യമങ്ങളും മുന്‍കാലങ്ങളില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട ചിലരും ചേര്‍ന്ന് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുമെല്ലാം എതിരായി നീചമായ പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം കത്തിക്കാന്‍ ചിലര്‍ മുന്നോട്ടു വരുന്നതിന്റെ പിന്നിലെ ദുഷ്ടലാക്ക് ഇത്തരം പ്രചാരണങ്ങളുടെയും ഹീനമായ നീക്കങ്ങളുടെയും പിന്നിലെ രാഷ്ട്രീയ അജൻഡ തുറന്നുകാണിക്കും.- ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി തനിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനും പാര്‍ട്ടി കണ്ട്രോള് കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ്.