കാസർഗോഡ് റിസോർട്ടിൽ ഏഴു ലക്ഷത്തിന്റെ മോതിരങ്ങൾ മോഷണം പോയി
Thursday, July 18, 2024 1:55 AM IST
കാസര്‍ഗോഡ്: താജ് ബേക്കല്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍നിന്ന് മുംബൈ സ്വദേശിനിയുടെ ഏഴുലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിച്ച നാലു മോതിരങ്ങള്‍ കവര്‍ന്നു. മുംബൈ ദാദര്‍ സ്വദേശി നിഖില്‍ പ്രശാന്ത് ഷായുടെ (35) പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച രാവിലെയാണ് നിഖിലും ഭാര്യയും അവധി ആഘോഷിക്കാനായി ഉദുമ കാപ്പിലിലെ റിസോര്‍ട്ടില്‍ മുറിയെടുക്കുന്നത്. വൈകുന്നേരത്തോടെ ഇവരെ മറ്റൊരു മുറിയിലേക്കു മാറ്റി. പക്ഷേ ഭാര്യ ബാത്ത്റൂമില്‍ ഊരിവച്ചിരുന്ന നാലു മോതിരങ്ങള്‍ എടുക്കാന്‍ മറന്നു. പിന്നീട് പഴയ മുറിയില്‍ പോയി നോക്കിയപ്പോൾ മോതിരങ്ങള്‍ കണ്ടില്ല.
ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചതെങ്കിലും നഷ്ടപ്പെട്ട മോതിരങ്ങള്‍ തങ്ങള്‍തന്നെ കണ്ടെത്തിത്തരാമെന്നും അല്പം സാവകാശം തരണമെന്നും റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് നിഖില്‍ പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും മോതിരങ്ങള്‍ കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു ഹൗസ് കീപ്പിംഗ് ജീവനക്കാരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.