രമേഷ് നാരായൺ അപമാനിച്ചതായി കരുതുന്നില്ലെന്ന് ആസിഫ് അലി
Thursday, July 18, 2024 3:25 AM IST
കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണ്‍ ഒരുനിലയിലും തന്നെ അപമാനിച്ചതായി തോന്നിയിട്ടില്ലെന്ന് നടന് ആസിഫ് അലി.
അതില്‍ കൂടുതല്‍ അംഗീകാരം തനിക്കു ലഭിക്കണമെന്ന് ആഗ്രഹിച്ചവരാകാം ദൃശ്യങ്ങളില്‍നിന്ന് ഈ നിലയിലുള്ള വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയത്. ചടങ്ങില്‍ അദ്ദേഹത്തിന് ചില മോശം അനുഭവങ്ങളുണ്ടായി. അതിന്റെ സ്വാഭാവിക പ്രതികരണമാകാം അദ്ദേഹത്തിലുണ്ടായത്.
വ്യാപകമായ വിദ്വേഷപ്രചാരണം അദ്ദേഹത്തിനുനേരേ നടക്കുന്നുണ്ട്. വിവാദങ്ങള്‍ അവസാനിച്ചതിനാല്‍ അദ്ദേഹത്തിനെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്നും എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ പുതിയ സിനിമയുടെ പ്രമോഷന് ചടങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ആസിഫ് അലി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. കടുത്ത പനിയായിരുന്നതിനാല്‍ അപ്പോള്‍ തനിക്കു പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രമേഷ് നാരായൺന്റെ മെസേജ് വന്നിരുന്നു. ഉടനെതന്നെ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ഇടറിയ കണ്ഠത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ഏറെ അനുഭവപരിചയമുള്ള ഒരാള്‍ തന്നോടു മാപ്പ് പറയേണ്ടിവന്നതില്‍ ഏറെ വിഷമമാണുണ്ടായത്.
ചടങ്ങില്‍ വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ സംഘാടകര്‍ മറന്നുപോയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. പക്ഷേ പേര് തെറ്റായാണു പറഞ്ഞത്. പോരാത്തതിന് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ എല്ലാവരും പ്രതികരിക്കുന്നതുപോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. അദ്ദേഹത്തിന് മെമന്റോ നല്കിയതിനുശേഷം എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിനാലാണ് താന്‍ മാറിപ്പോന്നതെന്നും ആസിഫലി പറഞ്ഞു.
പിന്തുണയുമായി സിനിമാലോകം
കൊച്ചി: സംഗീതജ്ഞന് രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ നടന് ആസിഫ് അലിക്ക് പൂര്‍ണ പിന്തുണയുമായി സിനിമാലോകം. ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണു യഥാര്‍ഥ സംഗീതമെന്നും ആസിഫ് അലിക്കൊപ്പമെന്നുമാണ് താരസംഘടനയായ അമ്മ സംഘടനയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ആസിഫ് അലിക്ക് പിന്തുണ അറിയിച്ചത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്തെത്തി.
“രമേഷ് നാരായണിന്റെ പ്രവൃത്തി ആസിഫ് അലി എന്ന കലാകാരന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. പൊതുസമൂഹത്തിലും വ്യക്തിപരമായും അത് ഒഴിവാക്കേണ്ടതായിരുന്നു. രമേഷ് നാരായണിനെപ്പോലെ ഒരു കലാകാരന് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു.
പുരസ്കാരത്തോടും അതു തരുന്ന ആളോടും വിനയത്തോടെ ഒരു കലാകാരന് പെരുമാറണം. അതേസമയം രമേഷ് നാരായൺ പൊതുസമൂഹത്തോട് നടത്തിയ ക്ഷമാപണത്തിന്റെ മഹനീയതയും ഔചിത്യവും മനസിലാക്കുന്നു” വെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പ്രതികരിച്ചത്.
സംഭവത്തില്‍ സംഗീതജ്ഞന് രമേഷ് നാരായണിനോട് ഫെഫ്ക മ്യൂസിക് യൂണിയന് വിശദീകരണം തേടി. മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് വിശദീകരണക്കുറിപ്പില്‍ രമേഷ് നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചിരി പരസ്യമാക്കി പോലീസ് കൗൺസലിംഗ് ഹെൽപ് ഡെസ്ക്
കോഴിക്കോട്: നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പോലീസ് കൗൺസലിംഗ് ഹെൽപ് ഡെസ്ക്. കൗൺസലിംഗ് ഹെൽപ് ഡെസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പോലീസിന്റെ മീഡിയ സെന്ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്.