മന്ത്രിയെ തടയാന്‍ നിന്ന പരാതിക്കാരിയെ അതില്‍നിന്നു തടയാന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചതായാണു മനസിലാകുന്നത്. അതിനാല്‍ ഈ വകുപ്പും നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
എങ്ങുമെത്താതെ കൈയാങ്കളി! തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാരെ പ്രതിയാക്കി കേസ് എടുത്തതിലൂടെ ഇടതുസർക്കാർ ഒരുക്കിയ മറുതന്ത്രം ഹൈക്കോടതിയിൽ പൊളിഞ്ഞപ്പോഴും യഥാർഥ കേസ് എങ്ങുമെത്താതെ നിൽക്കുന്നു. കേസ് വലിച്ചുനീട്ടാനുള്ള ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ ശ്രമത്തിലാണ് കേസ് നടപടികൾ അനന്തമായി നീണ്ടു പോകുന്നത്.
കോണ്‍ഗ്രസ് പക്ഷത്തെ സമ്മർദത്തിലാക്കുന്നതിനാണ് അവരുടെ എംഎൽഎമാർക്കെതിരേ കേസ് എടുത്തത്. കോണ്‍ഗ്രസ് എംഎൽഎമാർ അന്നു പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷത്തെ വനിതാ അംഗങ്ങളെ അക്രമിച്ചു എന്ന തരത്തിൽ കൈയാങ്കളി നടന്നതിനടുത്ത ദിവസങ്ങളിൽ തന്നെ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു. എന്നാൽ നിയമസഭയ്ക്കുള്ളിൽ നടന്ന അക്രമസംഭവങ്ങൾ ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ തത്സമയം കണ്ടതാണ്. അതുകൊണ്ടുതന്നെ ആ സമയത്ത് ഇതിനു വലിയ വിശ്വസ്യത ലഭിച്ചില്ല.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ശ്രമിച്ചതാണ് അക്രമത്തിലും കൈയാങ്കളിയിലും പൊതുമുതൽ നശിപ്പിക്കലിലും എത്തിച്ചേർന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ 2.20 ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
2015ൽ നടന്ന സംഭവത്തിൽ 2019ൽ കേസ് കോടതിയിൽ എത്തിയെങ്കിലും ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല. പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജി കീഴ്കോടതിയിൽ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിലും സുപ്രീകോടതിയിലും വരെ പോയി.
അതിനു ശേഷം നടപടികളിലേക്കു കടന്നപ്പോൾ മതിയായ രേഖകൾ ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റപത്രം വായിക്കുന്നതു നീട്ടിക്കൊണ്ടു പോയി. ഇതിനിടെയാണ് കഴിഞ്ഞവർഷം നവംബറിൽ വനിതാ എംഎൽഎമാരെ ആക്രമിച്ചെന്നു കാട്ടി മ്യൂസിയം പോലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും.
കൈയാങ്കളി കേസിൽ കുറ്റപത്രം വായിച്ചെങ്കിലും വിചാരണയിലേക്കു കടന്നിട്ടില്ല. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിപ്പട്ടികയിലുള്ള ഇ.പി. ജയരാജനും കെ.ടി. ജലീലും മന്ത്രിമാരായിരുന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പ്രതിപ്പട്ടികയിലുള്ള വി. ശിവൻകുട്ടി മന്ത്രിസഭാംഗമാണ്.