തീരദേശ പരിപാലന സോൺ; കൂടുതൽ ഇളവ് നേടിയെടുക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ തയാറാക്കി സമർപ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് ലഭിക്കും.
സംസ്ഥാന താത്പര്യങ്ങൾക്കനുസൃതമായി തീരദേശ പരിപാലന സോണ്‍ (സിആർഇസഡ്) സംബന്ധിച്ച് കൂടുതൽ ഇളവ് നേടിയെടുക്കുന്നതിന് തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.