പ്രയാഗ്രാജ് എക്സ്പ്രസ് വരുമാനത്തിൽ നമ്പർ വൺ
Wednesday, December 11, 2024 1:22 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഉത്സവകാല തിരക്കിലും വരുമാനത്തിലും പ്രമുഖ പ്രീമിയം ട്രെയിനുകളെ കടത്തി വെട്ടി പ്രയാഗ്രാജ് എക്സ്പ്രസ്. റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ കണക്കിൽ രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ന്യൂഡൽഹി-പ്രയാഗ്രാജ് എക്സ്പ്രസ് (12417/18) ആണ് മുന്നിൽ.
സാധാരണ വരുമാനത്തിൽ മുന്നിൽ നിൽക്കാറുള്ള വന്ദേഭാരത്, ശതാബ്ദി, തേജസ് എക്സ്പ്രസുകൾ കഴിഞ്ഞ മാസം പിന്നിൽ പോയി. പ്രയാഗ്രാജ് എക്സ്പ്രസിന്റെ നവംബറിലെ വരുമാനം 6.6 കോടി രൂപയാണ്.
ഈ ഒരു മാസം പ്രയാഗ്രാജ് -ന്യൂഡൽഹി റൂട്ടിൽ 43,388 പേരും തിരികെയുള്ള സർവീസിൽ 47,040 പേരും യാത്ര ചെയ്തു.
ഉത്സവ കാലയളവിലെ ഏറ്റവും മികച്ച പ്രതികരണമാണിതെന്ന് റെയിൽവേ മന്ത്രാലയം എടുത്തുകാട്ടി. ആഴ്ചയിൽ ഏഴു ദിവസവും ഈ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ന്യൂഡൽഹിയിൽനിന്ന് രാവിലെ 10.10 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ ഏഴിന് പ്രയാഗ്രാജിൽ എത്തും.
നവംബറിലെ വരുമാനത്തിൽ രണ്ടാം സ്ഥാനം പ്രയാഗ്രാജ്-ഹംസഫർ (12275/76) എക്സ്പ്രസിനാണ് - 5.2 കോടി രൂപ. ഇരു ദിശകളിലുമായി 55,481 പേർ ഈ ട്രെയിനിൽ യാത്ര ചെയ്തു.
ആനന്ദ് വിഹാർ ടെർമിനൽ -ഹംസഫർ (22437/38) എക്സ്പ്രസ് ആണ് മൂന്നാം സ്ഥാനത്ത് - 3.7 കോടി രൂപ വരുമാനം. ആകെ യാത്രക്കാർ -41797.
വാരാണസി - ന്യൂഡൽഹി റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസാണ് തൊട്ടു പിന്നിൽ - 2.4 കോടി രൂപ വരുമാനം. ഇതിൽ ഇരു ദിശകളിലുമായി 16823 പേർ യാത്ര ചെയ്തു.
വന്ദേ ഭാരത് ഒഴികെയുള്ള ട്രെയിനുകളിൽ ജനറൽ കോച്ചുകളിൽ ശേഷിക്ക് അനുസരിച്ചുള്ള തിരക്ക് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ദീർഘദൂര എക്സ്പ്രസുകളിലെല്ലാം കഴിഞ്ഞ മാസം കൂടുതൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുകയുമുണ്ടായി.