കറുപ്പിനെന്താണു കുഴപ്പം; ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പോസ്റ്റ് വൈറൽ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: ‘കറുപ്പിനെന്താണു കുഴപ്പം’ എന്ന ടാഗ് ലൈനോടെയുള്ള ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് വൈറൽ.
ചീഫ് സെക്രട്ടറി കസേരയിൽ ഇരിക്കുന്പോൾത്തന്നെ കറുപ്പു നിറവുമായി ബന്ധപ്പെട്ട് ഒരാളിൽനിന്നു നേരിട്ട അവഹേളനമാണ് സമൂഹ മാധ്യമ പോസ്റ്റിലേക്കു സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ ശാരദാ മുരളീധരനെ പ്രേരിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ചീഫ് സെക്രട്ടറിയുടെ പോസ്റ്റ് ഏറ്റെടുത്തതോടെ കേരളം മുഴുവൻ ഇതു ചർച്ചാവിഷയമായി. കറുത്ത അമ്മയുടെ മകനാണ് ഞാൻ എന്ന വി.ഡി. സതീശന്റെ പരാമർശവും ചീഫ് സെക്രട്ടറിക്കു പിന്തുണയായി.
തന്നെ കാണാനെത്തിയ ഒരാളുടെ പരാമർശമാണ് ചീഫ് സെക്രട്ടറിയെ പോസ്റ്റിലേക്കു നയിച്ചത്. ആദ്യം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെങ്കിലും മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചു. ചീഫ് സെക്രട്ടറി അങ്ങനെ ചെയ്യാമോ എന്ന ചോദ്യമായിരുന്നു മുന്നിൽ.
പിന്നീട് ഭർത്താവ് മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെയും മക്കളുടെയും പിന്തുണ ലഭിച്ചതോടെയാണു കഴിഞ്ഞ ദിവസം രാത്രി വീണ്ടും പോസ്റ്റിട്ടത്. മക്കളാണ് പലപ്പോഴും പിന്തുണയെന്ന് ശാരദാ മുരളീധരൻ പറയുന്നു. അമ്മ സ്മാർട്ടാണെന്നു മക്കൾ പറയും.
സൗന്ദര്യസങ്കല്പ്പ ത്തിലും വസ്ത്രധാരണത്തിലും വരെ അവരുടെ സ്വാധീനമുണ്ട്. നിറത്തിന്റെ പ്രശ്നം അനുഭവിച്ചവരെ സംബന്ധിച്ച് ഇത് വലിയ വിഷയമാണ്. കറുപ്പ് ഏഴ് അഴക് എന്നത് ആശ്വാസവാക്ക് മാത്രമാണ്. പ്രസവിക്കുന്പോൾ കുട്ടി വെളുത്ത് ഇരിക്കണമെന്നു പലരും പറയും. കറുത്തതാകുന്പോൾ ആശ്വാസവാക്കും.
പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്കു പോകുകയാണ്. ഇതിലെ പാഠഭാഗമാണിത്. ഒരിക്കലും ജോലിയെ വർണത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല.
അപ്രതീക്ഷിതമായിരുന്നു പരാമർശം. പറഞ്ഞ ആൾ ഇതുവരെ മാപ്പു പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.