45 ദിനം പിന്നിട്ട് ആശാ സമരം; പിന്തുണയുമായി ജനസഭ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപകൽസമരത്തിന്റെ 45-ാം ദിനമായ ഇന്നലെ നടത്തിയ ജനസഭ സമരക്കാർക്കുള്ള കേരള സമൂഹത്തിന്റെ ശക്തമായ പിന്തുണ വിളിച്ചറിയിച്ചു.
സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ ജനസഭ ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്്ക്കു വിളിച്ചു സമരം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സമരം ചെയ്യുന്നവർ എത്ര ന്യൂനപക്ഷമാണെങ്കിലും ആവശ്യങ്ങളിൽ ന്യായമുണ്ടെങ്കിൽ അവരെ ചർച്ചയ്ക്കു വിളിക്കുകയും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങൾക്കെതിരേ പറയുന്ന കേന്ദ്രസർക്കാരിനെപ്പോലെയാണോ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്ന ആശങ്കയും അദ്ദേഹം പങ്കുവഹിച്ചു.
പൊരിവെയിലും മഴയും നനഞ്ഞ് സമരം ചെയ്തിട്ടും ആശമാരെ ചർച്ചയ്ക്കു വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണു പരിഹാസമെന്ന് ജനസഭയിൽ പ്രസംഗിച്ച നടൻ ജോയി മാത്യു പറഞ്ഞു.
45 ദിവസമായി തുടരുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന, ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന വ്യാജ ഇടതുപക്ഷമായ ഈ സർക്കാരിനോട് എതിർപ്പാണ് തനിക്കുള്ളത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അപമാനിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ്. സാഹിത്യ-കലാ രംഗങ്ങളിലുള്ളവർക്ക് ഒരു പോസ്റ്റ് പോലും ഇടാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യായമായ സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ജനസഭയ്ക്ക് നൽകിയ ശബ്ദസന്ദേശത്തിൽ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.എം.പി. മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷാജർഖാൻ പ്രമേയം അവതരിപ്പിച്ചു. പ്രഫ.ബി. രാജീവൻ, സി.ആർ. നീലകണ്ഠൻ, പ്രമോദ് പുഴങ്കര, ഡോ. ആസാദ്, ഡോ. കെ.ജി. താര, ജോർജ് മുല്ലക്കര, ജോർജ് മാത്യു കൊടുമണ്, ഒ.സി. വക്കച്ചൻ, ജ്യോതി കൃഷ്ണൻ, കെ. ശൈവപ്രസാദ്, മണികണ്ഠൻ, എ.വി. താമരാക്ഷൻ, സഞ്ജീവ് സോമനാഥൻ, സുധാകരൻ പള്ളത്ത് തുടങ്ങിയവർ സഭയിൽ പങ്കെടുത്തു.
ആരോഗ്യനില മോശമായവരെ ആശുപത്രിയിലേക്കു മാറ്റി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ രാപകൽ സമരത്തിന്റെ ഭാഗമായി ഏഴു ദിവസമായി നിരാഹാരസമരം നടത്തിയവരെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു, ആശാ വർക്കർ കെ.പി. തങ്കമണി എന്നിവരെയാണ് ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയത്.
പുത്തൻതോപ്പ് സിഎച്ച്സിയിലെ ആശാവർക്കർ ബീന പീറ്റർ, പാലോട് എഫ്എച്ച്സിലെ എസ്.എസ്. അനിതകുമാരി എന്നിവർ നിരാഹാരസമരം ഏറ്റെടുത്തു. നിരാഹാരസമരം ഒരാഴ്ച പിന്നിട്ടിട്ടും സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടലുകൾ ഒന്നും നടത്തുന്നില്ലെന്നു സമരസമിതി ആരോപിച്ചു.